അയ്യര്‍ ഷോ, ആവേശപ്പോരില്‍ കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി

അവസാന അഞ്ചോവറില്‍ 90ലേറെ റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്ത ഓയിന്‍ മോര്‍ഗന്‍റെയും രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ വിജയത്തിന് അടുത്തെത്തിയെങ്കിലും 18 റണ്‍സകലെ വീണു.

IPL 2020:Delhi Capitals beat Kolkata Knight Riders by 18 runs

ഷാര്‍ജ: ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ആന്ദ്ര റസല്‍ നനഞ്ഞ പടക്കമായപ്പോള്‍ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വി ഷായുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സടിച്ചപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.

അവസാന അഞ്ചോവറില്‍ 90ലേറെ റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്ത ഓയിന്‍ മോര്‍ഗന്‍റെയും രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ വിജയത്തിന് അടുത്തെത്തിയെങ്കിലും 18 റണ്‍സകലെ വീണു. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ആന്ദ്രെ റസല്‍ നിറഞ്ഞാടുമെന്ന് കരുതിയെങ്കിലും ഒരു സിക്സും ഒരു ഫോറും പറത്തി എട്ടു പന്തില്‍ 13 റണ്‍സുമായി റസല്‍ റബാദക്ക് മുന്നില്‍ മുട്ടുമടക്കിയതോടെ കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ചതായിരുന്നുവെങ്കിലും മോര്‍ഗന്‍റെയും ത്രിപാഠിയുടെയും കടന്നാക്രമണം മത്സരത്തെ ആവേശപ്പോരാട്ടമാക്കി.

IPL 2020:Delhi Capitals beat Kolkata Knight Riders by 18 runs

സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 228/4, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 210/8. ജയത്തോടെ നാലു കളികളില്‍ ആറ് പോയന്‍റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തായി.

നിരാശപ്പെടുത്തി വീണ്ടും നരെയ്ന്‍

IPL 2020:Delhi Capitals beat Kolkata Knight Riders by 18 runs

ബൗളിംഗില്‍ രണ്ടോവറില്‍ 26 റണ്‍സ് വഴങ്ങിയ സുനില്‍ നരെയ്ന്‍ ഓപ്പണറായി ഇറങ്ങി വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത നരെയ്നെ നോര്‍ജെ ബൗള്‍ഡാക്കി. ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അമിത് മിശ്രയെ സിക്സിന് പറത്താനുള്ള ഗില്ലിന്‍റെ ശ്രമം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ കൈകളില്‍ അവസാനിച്ചു. 22 പന്തില്‍ 28 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം.

റസലാട്ടം ഇത്തവണയുമില്ല

IPL 2020:Delhi Capitals beat Kolkata Knight Riders by 18 runsപിന്നീടായിരുന്നു കൊല്‍ക്കത്തയുടെ പ്രതീക്ഷയായ റസലിന്‍റെ വരവ്. റസല്‍ എത്തിയതോടെ റബാദയെ പന്തേല്‍പ്പിച്ച ശ്രേയസ് അയ്യരുടെ തീരുമാനം പിഴച്ചില്ല. റബാദക്കെതിരെ ഒരു സിക്സും ഒരു ഫോറും നേടിയെങ്കിലും വീണ്ടും സിക്സ് നേടാനുള്ള റസലിന്‍റെ ശ്രമം നോര്‍ജെയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു.35 പന്തില്‍ 58 റണ്‍സുമായി നിതീഷ് റാണ പൊരുതിയെങ്കിലും ക്യാപറ്റന്‍ ദിനേശ് കാര്‍ത്തിക്ക്(6) വീണ്ടും നിരാശപ്പെടുത്തി.

പ്രത്യാക്രമണം നയിച്ച് മോര്‍ഗനും ത്രിപാഠിയും

അവസാന ഓവറുകളില്‍ ഓയിന്‍ മോര്‍ഗനും രാഹുല്‍ ത്രിപാഠിയും ചേന്‍ന്ന് നടത്തിയ പ്രത്യാക്രമണം മത്സരം ആവേശകരമാക്കി. റബാദയെ തുടര്‍ച്ചയായി മൂന്ന് സിക്സിന് പറത്തി ഓയിന്‍ മോര്‍ഗന്‍ കളി കൊല്‍ക്കത്തയുടെ കൈയകലത്തില്‍ എത്തിച്ചെങ്കിലും നോര്‍ജെയുടെ പന്തില്‍ മോര്‍ഗന്‍(18 പന്തില്‍ 44) മടങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.

സ്റ്റോയിനസ് എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ത്രിപാഠി ബൗണ്ടറിയടിച്ചെങ്കിലും അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 16 പന്തില്‍ 36 റണ്‍സായിരുന്നു ത്രിപാഠിയുടെ സംഭാവന.

ഡല്‍ഹിക്കായി ആന്‍റിച്ച് നോര്‍ജെ മൂന്നും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും (38 പന്തില്‍ 88 നോട്ടൗട്ട്), പൃഥ്വി ഷാ(41 പന്തില്‍ 66), ഋഷഭ് പന്ത് (17 പന്തില്‍ 38), ശീഖര്‍ ധവാന്‍(16 പന്തില്‍ 26) എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഡല്‍ഹി ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios