'ഏറെ ബഹുമാനം'; പൊരിവെയിലത്ത് തളര്‍ന്ന ധോണിയെ ചേര്‍ത്തുനിര്‍ത്തി ശ്രീശാന്തിന്‍റെ വാക്കുകള്‍
ഏത് ക്ലേശകരമായ ഘട്ടത്തിലും തോറ്റുകൊടുക്കാതെ വീറോടെ പോരാടുന്നതിന് ഇതല്ലാതെ മറ്റെന്താണ് ഉദാഹരണമായി പറയേണ്ടത് എന്ന് ശ്രീശാന്ത്
ദുബായ്: എം എസ് ധോണി ഇത്രയേറെ വിഷമിക്കുന്നത് ആരാധകര്‍ മുമ്പ് കണ്ടിട്ടുണ്ടാവില്ല. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം അവസാന ഓവറിലേക്ക് നീട്ടിയ ധോണി ശാരീരികമായി ക്ഷീണിതനായിരുന്നു. ടൈമിംഗ് പിഴയ്‌ക്കുക കൂടി ചെയ്‌തതോടെ ചെന്നൈ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീണു. ഇതോടെ ഒരുകൂട്ടം ആരാധകര്‍ ധോണിക്ക് നേരെ തിരിഞ്ഞു. എന്നാല്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്.
ധോണിയെ പ്രശംസിച്ചുകൊണ്ടാണ് ശ്രീയുടെ വാക്കുകള്‍. 'ധോണി ഭായിക്ക് അഭിനന്ദനങ്ങൾ. പൊരിവെയിലത്ത് 20 ഓവർ വിക്കറ്റ് കീപ്പിംഗ് ചെയ്ത ശേഷം, ബാറ്റിംഗിനിടെ തുടർച്ചയായി നിരവധി പ്രാവശ്യം നടത്തിയ റണ്ണെടുക്കാനുള്ള ഓട്ടങ്ങൾ...! ആ പരിശ്രമം കണ്ടപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു. ഏത് ക്ലേശകരമായ ഘട്ടത്തിലും തോറ്റുകൊടുക്കാതെ വീറോടെ പോരാടുന്നതിന് ഇതല്ലാതെ മറ്റെന്താണ് ഉദാഹരണമായി പറയേണ്ടത്. ടീമിന് വേണ്ടി അവനവനെ മറന്നുള്ള സമ്പൂർണ്ണ സമർപ്പണമാണിത്'. #respect #cricket
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഏഴ് റൺസിനാണ് തോൽപ്പിച്ചത്. 165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 36 പന്തില്‍ 47 റൺസുമായി പുറത്താകാതെ നിന്ന നായകന്‍ എം എസ് ധോണിക്ക് ചെന്നൈയെ ജയത്തിലെത്തിക്കാനായില്ല. ധോണിയുടെ മെല്ലെപ്പോക്കാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണം എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്.
തോല്‍വിയുടെ കാരണക്കാരന്‍ ആര്; വിശ്വസ്‌തനെ പോലും പരോക്ഷമായി പഴിച്ച് ധോണി
Powered by