പൃഥ്വി ഷാ മിന്നി, പിന്നെയെല്ലാം ശോകം; ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍

അവസാന ഓവറുകളില്‍ കൂറ്റനടികള്‍ പിറക്കാതിരുന്നത് ഡല്‍ഹിക്ക് തിരിച്ചടിയായി. 

ipl 2020 csk vs dc live updates chennai super kings 176 needs runs to win

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സെടുത്തു. ഡല്‍ഹിക്കായി ഓപ്പണര്‍ പൃഥ്വി ഷാ അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ പിറക്കാതിരുന്നത് ഡല്‍ഹിക്ക് തിരിച്ചടിയായി. ചെന്നൈക്കായി പീയുഷ് ചൗള രണ്ടും സാം കറന്‍ ഒരു വിക്കറ്റും നേടി. 

കരുതലോടെയാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്തത്. പവര്‍പ്ലേയില്‍ നേടിയത് 36 റണ്‍സ് മാത്രം. എന്നാല്‍ ഇതിന് ശേഷം ഗിയര്‍മാറ്റിയ ഷാ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 11-ാം ഓവറിലെ നാലാം പന്തിലാണ് ഈ കൂട്ടുകെട്ട് ചെന്നൈ പൊളിച്ചത്. 27 പന്തില്‍ 37 റണ്‍സെടുത്ത ധവാന്‍ എല്‍ബിയായി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ പീയുഷ് ചൗളക്കായിരുന്നു വിക്കറ്റ്. ഈ നേരം ഡല്‍ഹി സ്‌കോര്‍ 94ല്‍ എത്തിയിരുന്നു.

ഒരു ഓവറിന്‍റെ ഇടവേളയില്‍ ഷായും മടങ്ങി. ക്രീസ് വിട്ടിറങ്ങിയ താരത്തെ ധോണി സ്റ്റംപ് ചെയ്‌തു. 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം ഷാ 64 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഹേസല്‍വുഡും കറനും റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും കൂറ്റനടികള്‍ക്ക് അനുവദിച്ചില്ല. ഇതാണ് വമ്പന്‍ സ്‌കോറില്‍ നിന്ന് ഡല്‍ഹിയെ തടഞ്ഞത്. കറന്‍റെ 19-ാം ഓവറിലെ അവസാന പന്തില്‍ അയ്യര്‍(22 പന്തില്‍ 26) ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. പന്തും(37) സ്റ്റോയിനിസും(5) പുറത്താകാതെ നിന്നു.  

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ശ്രേയസ് അയ്യര്‍(നായകന്‍), റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്ഷാര്‍ പട്ടേല്‍, കാഗിസോ റബാദ, അമിത് മിശ്ര, ആന്‍റിച്ച് നോര്‍ജെ, ആവേശ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: മുരളി വിജയ്, ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, റിതുരാജ് ഗെയ്‌ക്‌വാദ്, കേദാര്‍ ജാദവ്, എം എസ് ധോണി(നായകന്‍), സാം കറന്‍, രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ദീപക് ചഹാര്‍, പീയുഷ് ചൗള. 

Latest Videos
Follow Us:
Download App:
  • android
  • ios