ഭുവിക്കും 'പണി' കിട്ടി, ഐപിഎല്ലില്‍ നിന്ന് പിന്മാറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി
അരക്കെട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹൈദരാബാദ് ടീം മാനേജ്‌മെന്റോ ഭുവിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരും മത്സരങ്ങള്‍ക്കൊരുങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് കനത്ത തിരിച്ചടി. ടീമിലെ പ്രധാന പേസറായ ഭുവനേശ്വര്‍ കുമാറിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങല്‍ നഷ്ടമാവും. അരക്കെട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹൈദരാബാദ് ടീം മാനേജ്‌മെന്റോ ഭുവിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിനിടെ താരം പരിക്കേറ്റ് പിന്മാറിയിരുന്നു. തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയുന്നതിനിടൊണ് ഭുവിക്ക് പരിക്കേറ്റത്. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വറിന് പകരം സിദ്ധാര്‍ത്ഥ് കൗളാണ് കളിച്ചത്. നാല് ഓവര്‍ എറിഞ്ഞ കൗള്‍ 64 റണ്‍സും വിട്ടുകൊടുത്തിരുന്നു. സന്ദീപ് ശര്‍മ, ടി നടരാജന്‍, ബില്ലി സ്റ്റാന്‍ലേക്ക്, ബേസില്‍ തമ്പി, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലുള്ള മറ്റു പേസര്‍മാര്‍.
ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ഭുവിയുടെ പിന്മാറ്റം കനത്ത നഷ്ടമായിരിക്കുമെന്ന എഎന്‍ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹൈദരാബാദ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേണ്ട ചുമതല ഭുവിക്കായിരുന്നു. പരിക്ക് കാരണം സണ്‍റൈസേഴ്‌സിന് നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് ഭുവി. നേരത്തെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനേയും അവര്‍ക്ക് നഷ്ടമായിരുന്നു. മാര്‍ഷിന് പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് ടീമിലെത്തിയത്.
ഭുവിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പുറത്തുവന്നിട്ടില്ല. ഗൗരവമുള്ളതാണെങ്കില്‍ ഐപിഎല്‍ കഴിഞ്ഞാലുടന്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനും തിരിച്ചടിയാവും.
ഇതിനിടെ ഡല്‍ഹി കാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയ്ക്കും ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റിട്ടേണ്‍ ക്യാച്ചെടുക്കുമ്പോഴാണ് മിശ്രയ്ക്ക് പരിക്കേറ്റത്. ഭുവനേശ്വറിനും അമിത് മിശ്രയ്ക്കും പകരം താരങ്ങളെ ടീമിലെത്തിക്കാന്‍ ഇരു ടീമുകളും അവസരമുണ്ട്.