ഇത് ഞാന്‍ നല്‍കുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്; ഫിഞ്ചിനെ വെറുതെവിട്ട ശേഷം അശ്വിന്‍
ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രസകരമായ സംഭവം അരങ്ങേറി. അശ്വിന്‍ പന്തെറിയുമ്പോള്‍ ബാംഗ്ലൂര്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ മങ്കാദിംഗിലൂടെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു.
ദുബായ്: കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും വലിയ വിവാദയമായിരുന്നു മങ്കാദിംഗ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതോടെയാ ഇത്രത്തോളം വിവാദമായത്. ഈ സീസണില്‍ അശ്വിന്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറി. എന്നാല്‍ അവസരം കിട്ടിയാല്‍ മങ്കാദിംഗ് തുടരുമെന്ന് അശ്വിന്‍ പറഞ്ഞു. എന്നാല്‍ മറുപടിയുമായി ഡല്‍ഹി കാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗെത്തി. മങ്കാദിംഗ് ക്രിക്കറ്റിന്റെ നിലവാരത്തിന് നിലയ്ക്കാത്തതാണെന്നും എന്റെ ടീമില്‍ ആരും മങ്കാദിംഗിന് ശ്രമിക്കില്ലന്നും പോണ്ടിംഗ് മറുപടി പറഞ്ഞു.
ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രസകരമായ സംഭവം അരങ്ങേറി. അശ്വിന്‍ പന്തെറിയുമ്പോള്‍ ബാംഗ്ലൂര്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ മങ്കാദിംഗിലൂടെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ താരം അതിന് മുതര്‍ന്നില്ല. പകരം ഒരു താക്കീത് നല്‍കുകയും ചെയ്തു. ഫിഞ്ച് ആവട്ടെ ക്രീസില്‍ നിന്ന് ഒരു മീറ്ററില്‍ കൂടുതലെങ്കിലും പുറത്തായിരുന്നു.
എന്നാല്‍ നേരത്തെ ചെയ്തത് പോലെ അശ്വിന്‍ ബെയ്ല്‍സ് ഇളക്കിയില്ല. ഒരു ചിരിയോടെ ഫിഞ്ചിന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. കോച്ച് റിക്കി പോണ്ടിംഗിനും ചിരിയടക്കി പിടിക്കാന്‍ സാധിച്ചില്ല. സംഭവം അംപയര്‍ നിതിന്‍ മേനോന്റെ മുഖത്തും ചിരി പടര്‍ത്തി. വീഡിയോ കാണാം...
എന്തായാലും ഇക്കാര്യത്തില്‍ ഒരു വിശദീകരണവുമായി അശ്വിനും രംഗത്തെത്തി. ട്വിറ്ററിലാണ് അദ്ദേഹം വിശദമാക്കിയത്... ''ഈ വര്‍ഷം മങ്കാദിംഗ് വിഷയത്തില്‍ ഞാന്‍ നല്‍കുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറയിപ്പാണിത്. ഇതൊരു ഔദ്യോഗിക മുന്നറിയിപ്പായി കാണണം. പിന്നീട് എന്നെ കുറ്റപ്പെടുത്തരുത്.'' അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. ട്വീറ്റില്‍ റിക്കി പോണ്ടിംഗ്, ആരോണ്‍ ഫിഞ്ച് എന്നിവരെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.
മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് 59 റണ്‍സിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അശ്വിന്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.