ഐപിഎല്‍ 2021: 'മോര്‍ഗന് ഇത്തരം കാര്യങ്ങള്‍ ദഹിക്കില്ല'; അശ്വിനുമായുള്ള തര്‍ക്കകാരണം വ്യക്തമാക്കി കാര്‍ത്തിക്
സൗത്തിയുടെ ആദ്യ പന്തില്‍ അശ്വിന്‍ പുറത്തായിരുന്നു. പിന്നാലെ സൗത്തി, അശ്വിനോട് എന്തോ പറയുന്നുണ്ട്. ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) താരമായ അശ്വിന്‍ അതിനുള്ള മറുപടിയും നല്‍കുന്നു.
ദുബായ്: ആര്‍ അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) താരങ്ങളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ കുറിച്ച് പ്രതികരിച്ച് ദിനേശ് കാര്‍ത്തിക്. ഇന്നലെ കൊല്‍ക്കത്ത താരം ടിം സൗത്തിയെറിഞ്ഞ (Tim Southee) അവസാന ഓവറിലായിരുന്നു സംഭവം. സൗത്തിയുടെ ആദ്യ പന്തില്‍ അശ്വിന്‍ പുറത്തായിരുന്നു. പിന്നാലെ സൗത്തി, അശ്വിനോട് എന്തോ പറയുന്നുണ്ട്. ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) താരമായ അശ്വിന്‍ അതിനുള്ള മറുപടിയും നല്‍കുന്നു. അപ്പോഴേക്കും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (Eion Morgan) സംഭവത്തില്‍ ഇടപ്പെട്ടു. മോര്‍ഗന്‍ ദേഷ്യത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. അശ്വിനും കടുത്ത രീതിയില്‍ മറുപടി നല്‍കുന്നു.
പലവിയിനിലേക്ക് മടങ്ങുകയായിരുന്ന അശ്വിന്‍ തിരിച്ചുനടന്നാണ് മോര്‍ഗന് അടുത്തേക്കെത്തിയത്. അപ്പോഴേക്കും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) ഓടിയെത്തുകയും അശ്വിനെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയുമായിരുന്നു. എന്നാല്‍ തര്‍ക്കത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോള്‍ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കാര്‍ത്തിക്.
തൊട്ടുമുമ്പുള്ള ഓവറിലെ സംഭവമാണ് തര്‍ക്കത്തിന് ആധാരമെന്ന് കാര്‍ത്തിക് വ്യക്തമാക്കി. കാര്‍ത്തിക് വിവരിക്കുന്നത് ഇങ്ങനെ... ''19-ാം ഓവറില്‍ രാഹുല്‍ ത്രിപാഠി ഫീല്‍ഡ് ചെയ്ത് കയ്യിലൊതുക്കിയ ബോള്‍ എനിക്ക് എറിഞ്ഞ് തന്നതായിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ ദേഹത്ത് തട്ടി ദിശമാറി പോയി. ഈ സമയം അശ്വിന്‍ സിംഗിള്‍ ഓടിയെടുക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ മോര്‍ഗനെ പോലെ ഒരു ക്യാപ്റ്റന് താല്‍പര്യമുണ്ടാവില്ല. ദേഹത്ത് തട്ടി പോയ പന്തില്‍ പിന്നെയും സിംഗിള്‍ ഓടിയെടുക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന് മോര്‍ഗന്‍ ചിന്തിച്ചുകാണും.'' കാര്‍ത്തിക് പറഞ്ഞു.
ഐപിഎല്‍ 2021: രാജസ്ഥാന്‍ റോയല്‍സിന് ജീവന്മരണ പോരാട്ടം; ആദ്യ നാലില്‍ നില്‍ക്കാന്‍ ആര്‍സിബി
ഈ സംഭവത്തിന് ശേഷമാണ് അടുത്ത ഓവര്‍ എറിയാനെത്തിയ സൗത്തി, അശ്വിനെ പുറത്താക്കിയ ശേഷം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. അശ്വിന്‍ തിരിച്ചുപറഞ്ഞപ്പോള്‍ മോര്‍ഗന്‍ ഇടപ്പെടുകയായിരുന്നു. ഇരുവരും കടുത്ത ഭാഷയിലാണ് സംസാരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.
മത്സരം കൊല്‍ക്കത്ത ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു.