ബെംഗളൂരുവിൽ ശരീരമാസകലം കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു, കൊലയാളി മലയാളിയായ ആരവ് അനയെന്ന് പൊലീസ്; തെരച്ചിൽ
ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിൽ അസംകാരി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവാവിനായി തെരച്ചിൽ
![Assam native woman found murdered at apartment in Bengaluru Police search for Keralite youth Assam native woman found murdered at apartment in Bengaluru Police search for Keralite youth](https://static-gi.asianetnews.com/images/01jdm2a3sgkk1152g2pqzte256/bengaluru-murder_363x203xt.png)
ബെംഗളൂരു: ബെംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ അസംകാരി യുവതിയെ മലയാളി യുവാവ് കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിലാണ് സംഭവം. മലയാളിയായ ആൺസുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആരവ് അനയ് കണ്ണൂർ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്. നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് അനയ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞു. നവംബർ 24-ന് വൈകിട്ടോടെ ഇയാൾ അപ്പാർട്ട്മെന്‍റിന് പുറത്ത് പോയി, പിന്നീട് മടങ്ങി വന്നില്ല.