സന്ദീപ് ശർമയുടെ ഹീറോയിസം; ധോണിയെ വിറപ്പിച്ച അച്ഛന്റെ പവർ യോർക്കറുകൾ ടിവിയിൽ കണ്ട് ചിരിതൂകി മുത്തുമണി, വീഡിയോ
അവസാന പന്ത് നേരിട്ട ധോണിക്ക് അഞ്ച് റൺസാണ് നേടേണ്ടിയിരുന്നത്. കിടിലൻ യോർക്കറിലൂടെ ബൗണ്ടറി നേടുന്നതിൽ നിന്ന് ഇതിഹാസ താരത്തെ സന്ദീപ് ശർമ തടയുകയായിരുന്നു.
ചെന്നൈ: പ്രതിരോധിക്കാനുള്ളത് അവസാന ഓവറിൽ 21 റൺസ്, ക്രീസിലുള്ളത് സാക്ഷാൽ ധോണിയും കൂട്ടിന് രവീന്ദ്ര ജഡേജയും. എത് ബൗളർ ആയാലും ഒന്ന് പകയ്ക്കും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഇന്നലെ രാജസ്ഥാനായി അവസാന ഓവർ എറിഞ്ഞ സന്ദീപ് ശർമയും ആദ്യമൊന്ന് പതറി. ആദ്യം രണ്ട് വൈഡുകളും രണ്ട് സിക്സുകളും വഴങ്ങിയിട്ടും തുടർച്ചയായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മ ധോണിയെയും ജഡേജയെയും വരിഞ്ഞുമുറുക്കി.
അവസാന പന്ത് നേരിട്ട ധോണിക്ക് അഞ്ച് റൺസാണ് നേടേണ്ടിയിരുന്നത്. കിടിലൻ യോർക്കറിലൂടെ ബൗണ്ടറി നേടുന്നതിൽ നിന്ന് ഇതിഹാസ താരത്തെ സന്ദീപ് ശർമ തടയുകയായിരുന്നു. ധോണിയുടെ ഫിനിഷിംഗ് തടഞ്ഞ സന്ദീപ് ശർമ ഹീറോയായി മാറി. ഇപ്പോൾ സന്ദീപ് ശർമ്മയുടെ കുഞ്ഞ് മകൾ അച്ഛൻ ഹീറോ ആയത് ടിവിയിൽ കാണുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ടി വിയിൽ അച്ഛനെ കാണിക്കുമ്പോൾ ചിരിക്കുന്ന മകളുടെ വീഡിയോ ആരാധകരുടെ ഹൃദയം തൊടുന്നതാണ്.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടെങ്കിലും നായകന്‍ എം എസ് ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാന്‍റെ 175 റണ്‍സ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തില്‍ സിഎസ്‌കെയ്‌ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാൽ, അവസാന ഓവറിൽ സന്ദീപ് ശർമയുടെ യോർക്കറുകൾ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കേറ്റതോടെയാണ് സന്ദീപ് ശർമ രാജസ്ഥാൻ ടീമിൽ എത്തിയത്. പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്ത സന്ദീപ് ശർമ്മയെ ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. ഞെട്ടിക്കുന്ന, അപ്രതീക്ഷിതമായ കാര്യങ്ങളാണ് തന്‍റെ കാര്യത്തിൽ സംഭവിച്ചതെന്നായിരുന്നു സന്ദീപ് ശർമ്മയുടെ പ്രതികരണം. ആരും തന്നെ സ്വന്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സന്ദീപ് ശർമ്മ പറഞ്ഞിരുന്നു. ഇപ്പോൾ പകരക്കാരനായി വന്ന് രാജസ്ഥാന്റെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് സന്ദീപ്.