ഐപിഎല്‍ മതിയാക്കി മടങ്ങാനൊരുങ്ങിയ സാംപയുടെയും റിച്ചാര്‍ഡ്സന്‍റെയും യാത്ര പാതിവഴിയില്‍ മുടങ്ങി
സാംപക്കും റിച്ചാര്‍ഡ്സണും പ്രത്യേക അനുമതി നല്‍കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു ഓസീസ് താരമായ ആന്‍ഡ്ര്യു ടൈ രാജ്യത്തേക്ക് മടങ്ങിയതുപോലെ ആദ്യം ദോഹയിലേക്കും അവിടെ നിന്ന് ഓസ്ട്രേലിയയിലേക്കും പറക്കാന്‍ കളിക്കാരെ അനുവദിക്കുമെന്നും സൂചനയുണ്ട്.
മുംബൈ: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്സണും മുംബൈയില്‍ കുടുങ്ങി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടീം വിട്ട ഇരുവരും ഓസ്ട്രേലിയയിലേക്ക് പോകാനായി മുംബൈയിലെത്തിയെങ്കിലും ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ മെയ് 15വരെ വിലക്കേര്‍പ്പെടുത്തിയതാണ് ഇരുവരുടെയും യാത്ര അനിശ്ചിതത്വത്തിലാക്കിയത്.
ഇതോടെ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചില്ലെങ്കില്‍ മെയ് 15വരെയെങ്കിലും ഇരുവരും ഇന്ത്യയില്‍ തുടരേണ്ടിവരുമെന്നാണ് സൂചന. സാംപക്കും റിച്ചാര്‍ഡ്സണും പ്രത്യേക അനുമതി നല്‍കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു ഓസീസ് താരമായ ആന്‍ഡ്ര്യു ടൈ രാജ്യത്തേക്ക് മടങ്ങിയതുപോലെ ആദ്യം ദോഹയിലേക്കും അവിടെ നിന്ന് ഓസ്ട്രേലിയയിലേക്കും പറക്കാന്‍ കളിക്കാരെ അനുവദിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതിനും കഴിഞ്ഞില്ലെങ്കില്‍ മെയ് 15 വരെ സുരക്ഷിതാരായിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ബിസിസിഐ ചെയ്തു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ചെന്നൈക്കെതിരായ ബാംഗ്ലൂരിന്‍റെ മത്സരത്തിനുശേഷം ബാംഗ്ലൂര്‍ ടീം അഹമ്മദബാദിലേക്ക് പോയപ്പോള്‍ സാംപയും റിച്ചാര്‍ഡ്സണും വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലേക്ക് മാറിയിരുന്നു. എന്നാല്‍ കളിക്കാര്‍ സ്വന്തം നിലയിലാണ് ഐപിഎല്ലില്‍ കളിക്കാന്‍ പോയതെന്നും അതുകൊണ്ട് തിരികെ വരാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകില്ലെന്നും ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.