ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വമ്പന്‍ പേര്; പ്രവചനം യുവിയുടേത്
കൃത്യമായി പരുവപ്പെടുത്തിയെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍മരം ഋഷഭ് പന്ത് ആകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുവ്‌രാജ്.
മുംബൈ: യുവ താരം ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വമ്പന്‍ പേരാകുമെന്ന് വെറ്ററന്‍ താരം യുവ്‌രാജ് സിംഗ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 27 പന്തില്‍ 78 റണ്‍സടിച്ച് പന്ത് താരമായതിന് പിന്നാലെയാണ് ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പ്രതികരണം.
'പന്തിന് ലോകകപ്പ് സെലക്ഷന്‍ കിട്ടുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഇന്ന് അദേഹം നന്നായി ബാറ്റ് ചെയ്തു. കഴിഞ്ഞ സീസണിലും പന്ത് മികവ് കാട്ടി. ടെസ്റ്റിലും മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു. 21 വയസിന് ഉള്ളില്‍ തന്നെ രണ്ട് വിദേശ സെഞ്ചുറികള്‍ നേടിയത് പ്രതിഭ വ്യക്തമാക്കുന്നു. കൃത്യമായി പരുവപ്പെടുത്തിയെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍മരം ഋഷഭ് പന്ത് ആകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും' മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സര ശേഷം യുവി പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിനായി 18 പന്തില്‍ പന്ത് അമ്പത് തികച്ചു. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ പന്ത് 27 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പന്തിന്‍റെ മികവില്‍ ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. മുംബൈയുടെ പേസ് എക്‌സ്‌പ്രസ് ജസ്‌പ്രീത് ബുംറ വരെ പന്തിന്‍റെ ബാറ്റില്‍ നിന്ന് തല്ലുവാങ്ങി. മറുപടി ബാറ്റിംഗില്‍ യുവി പൊരുതിയെങ്കിലും 37 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.