'റൂള്‍ ഈസ് റൂള്‍'; സര്‍ക്കിളിനുള്ളില്‍ എത്ര ഫീല്‍ഡര്‍മാരെന്ന് പോലും അറിയാത്ത അശ്വിനോട് ആരാധകര്‍
ടോസിലെ ഭാഗ്യം ഒപ്പംനിന്നെങ്കിലും പന്തെറിയാനുള്ള അശ്വിന്‍റെ തീരുമാനം പിഴച്ചു. യുവതാരം വരുണ്‍ ചക്രവര്‍ത്തിയെ രണ്ടാം ഓവറില്‍ പന്തേല്‍പിച്ചപ്പോള്‍ വഴങ്ങിയത് 25 റണ്‍സ്.
കൊല്‍ക്കത്ത: മങ്കാദിങ്ങിലൂടെ വിവാദ നായകനായ ആര്‍ അശ്വിന് കൊല്‍ക്കത്തയ്ക്കെതിരെ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. ബൗളിംഗിലും ക്യാപ്റ്റന്‍സിയിലും അശ്വിന്‍ തിരിച്ചടി നേരിട്ടു.
ടോസിലെ ഭാഗ്യം ഒപ്പംനിന്നെങ്കിലും പന്തെറിയാനുള്ള അശ്വിന്‍റെ തീരുമാനം പിഴച്ചു. യുവതാരം വരുണ്‍ ചക്രവര്‍ത്തിയെ രണ്ടാം ഓവറില്‍ പന്തേല്‍പിച്ചപ്പോള്‍ വഴങ്ങിയത് 25 റണ്‍സ്. നായകന്‍ സ്വയം പന്തെറിയാനെത്തിയപ്പോഴും മാറ്റമുണ്ടായില്ല. നാലോവറില്‍ വഴങ്ങിയത് വിക്കറ്റില്ലാതെ 47 റണ്‍സ്. ഇതിനിടെയാണ് അശ്വിന് ഫീല്‍ഡിലും പിഴച്ചത്.
17-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് ഷമി ആന്ദ്രേ റസലിന്‍റെ വിക്കറ്റ് പിഴുതെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. സര്‍ക്കിളിനുള്ളില്‍ നാലുപേര്‍ക്ക് പകരം മൂന്ന് ഫീല്‍ഡര്‍മാരെ മാത്രം നിര്‍ത്തിയതാണ് അശ്വിന് വിനയായത്.
Rule is rule #aswin #karma pic.twitter.com/oNSD0u4REX
— _Bot (@showmans_bot) March 27, 2019
രണ്ട് റണ്‍സില്‍ നില്‍ക്കേ കിട്ടിയ ജീവന്‍ റസല്‍ ഒന്നാന്തരമായി മുതലാക്കി. 17 പന്തില്‍ 48 റണ്‍സ്. അതിര്‍ത്തിയിലേക്ക് പറന്നത് മൂന്ന് ഫോറും അഞ്ച് സിക്സും. ഷമിയുടെ അവസാന ഓവറില്‍ 25 റണ്‍സാണ് കൊല്‍ക്കത്ത വാരിക്കൂട്ടിയത്.