ഗെയ്‌ല്‍, മായങ്ക്, രാഹുല്‍ വെടിക്കെട്ട്; പഞ്ചാബിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം
സ്വന്തം തട്ടകത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി.
മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്‌ത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ തിരിച്ചുവരവ്. സ്വന്തം തട്ടകത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. ഗെയ്‌ലും രാഹുലും നല്‍കിയ തുടക്കവും മായങ്കിന്‍റെ വെടിക്കെട്ടുമാണ് കിംഗ്‌സ് ഇലവന് വിജയം സമ്മാനിച്ചത്. എന്നാല്‍ കഴിഞ്ഞ കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ അവസാന ഓവറില്‍ വീഴ്‌ത്തിയ പ്രകടനം മുംബൈ ബൗളര്‍മാര്‍ക്ക് ആവര്‍ത്തിക്കാനായില്ല.
മറുപടി ബാറ്റിംഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം ഗെയ്‌ലും രാഹുലും നല്‍കി. ഐപിഎല്ലില്‍ 300 സിക്‌സുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം മത്സരത്തില്‍ ഗെയ്‌ല്‍ പൂര്‍ത്തിയാക്കി. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മഗ്‌ലനാഗനെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയാണ് യൂണിവേഴ്‌സല്‍ ബോസ് ചരിത്ര നേട്ടത്തിലെത്തിയത്. എന്നാല്‍ 24 പന്തില്‍ 40 റണ്‍സെടുത്ത ഗെയ്‌ലിനെ എട്ടാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറിലൈനില്‍ പിടിച്ചു. ഇതിനകം നാല് സിക്‌സുകളാണ് ബൗണ്ടറിക്ക് മുകളിലൂടെ പറന്നത്.
ക്രീസിലെത്തിയ മായങ്ക് അഗര്‍വാളും ഒട്ടും മോശമാക്കിയില്ല. ഗെയ്‌ലിനേക്കാള്‍ അപകടകാരിയായി മായങ്ക്. എന്നാല്‍ 14-ാം ഓവറില്‍ ക്രുനാല്‍ തന്നെ മായങ്കിനെയും പുറത്താക്കി മുംബൈക്ക് ആശ്വാസ വാര്‍ത്ത സമ്മാനിച്ചു. പുറത്താകുമ്പോള്‍ 21 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം മായങ്കിന്‍റെ അക്കൗണ്ടില്‍ 43 റണ്‍സ്. നിലയുറപ്പിച്ച് കളിച്ച രാഹുല്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അവസാന മൂന്ന് ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യം എന്ന നിലയിലേക്ക് രാഹുലും മില്ലറും അനായാസം പട നയിച്ചു. രാഹുല്‍(57 പന്തില്‍ 71) മില്ലര്‍(10 പന്തില്‍ 15) പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും മുംബൈയ്ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്‍കി. ആറാമത്തെ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 51 റണ്‍സ് നില്‍ക്കേയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 19 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, വില്‍ജോന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിന് പിന്നാലെ മുംബൈയ്ക്ക് താളം നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവ് 11 റൺസെടുത്ത് പുറത്തായി, ഷമിക്കായിരുന്നു വിക്കറ്റ്.
സൂര്യകുമാര്‍ പുറത്തായതിന് പിന്നാലെ ഡികോക്ക് അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ 60 റണ്‍സില്‍ നില്‍ക്കേ ഡിക്കോക്കിനെ മടക്കി മുരുകന്‍ അശ്വിന്‍ പ്രഹരമേല്‍പിച്ചു. കഴിഞ്ഞ മത്സരത്തിലെ സിക്‌സറടി വീരന്‍ യുവി നേടിയത് 11 റണ്‍സ്. വീണ്ടും വിക്കറ്റ് മുരുകന്‍ അശ്വിന്. ഏഴ് റണ്‍സെടുത്ത പൊള്ളാര്‍ഡിനെ ടൈ മടക്കി. എന്നാല്‍ അവസാന ഓവറുകളില്‍ ഹര്‍ദ്ദീക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് (19 പന്തില്‍ 31) മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. പഞ്ചാബിനായി ഷമിയും വില്‍ജോനും മുരുഗന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.