80 കോടി പടം, എട്ടുനിലയില്‍ പൊട്ടി സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒളിച്ചോടി; പടം ഒടിടിയിലേക്ക് !
ആലിയ ഭട്ട് നായികയായ ജിഗ്ര ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെ സംവിധായകൻ വാസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
മുംബൈ: ആലിയ ഭട്ട് നായികയും നിര്‍മ്മാതാവായും എത്തിയ ആക്ഷന്‍ ചിത്രം ജിഗ്ര ബോക്സ് ഓഫീസിൽ വന്‍ പരാജയമായി മാറിയ സിനിമയായിരുന്നു. ഈ ഘട്ടത്തില്‍ ചിത്രത്തിന്‍റെ സംവിധായകൻ വാസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന സ്ഥിതി പോലും ഉണ്ടായി.
കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളായിരുന്നു. ചിത്രം ഇന്ത്യയിൽ ഒമ്പത് ദിവസം കൊണ്ട് 25.35 കോടി രൂപയാണ് നേടിയത്. വിദേശ ജയിലിൽ നിന്ന് വേദാംഗ് അവതരിപ്പിച്ച സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സഹോദരിയുടെ വേഷത്തിലാണ് ജിഗ്രയില്‍ ആലിയ എത്തുന്നത്.
കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഏറ്റവും മോശം ഓപ്പണിംഗ് ലഭിച്ച ആലിയ ഭട്ട് ചിത്രമായിരുന്നു ജിഗ്ര. 80 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ബോക്‌സ് ഓഫീസില്‍ മുടക്ക് മുതല്‍ പോലും നേടില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ വിവര പ്രകാരം ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തുകയാണ്. ഒക്ടോബര്‍ 10ന് റിലീസായ ചിത്രം രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ഡിസംബര്‍ 6ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ നിര്‍മ്മാതക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റിലീസായ സമയത്ത് ആലിയ ഭട്ട് അഭിനയിച്ച ചിത്രത്തിനെതിരെ വ്യാപകമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിനെതിരെ സംവിധായകന്‍ തന്‍റെ എക്സ് അക്കൗണ്ട് വഴി പ്രതിരോധം തീര്‍ത്തിരുന്നു. ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ, ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി ബോക്‌സ് ഓഫീസ് താൻ കരുതുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.
ഇതും ട്രോളായി സോഷ്യല്‍ മീഡിയ തര്‍ക്കം ആയതിന് പിന്നാലെയാണ് സംവിധായകന്‍ എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രം ആലിയ ഭട്ടിന് വേണ്ടി എഴുതിയത് ആയിരുന്നില്ലെന്ന് ഒരു പ്രമോഷനിടെ സംവിധായകന്‍ പറഞ്ഞതും വിവാദമായിരുന്നു. എന്തായാലും ചിത്രം ഒടിടിയില്‍ എത്തുന്നത് വീണ്ടും ട്രോള്‍ ചെയ്യപ്പെടുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.
'പ്രിയദര്‍ശിനിയുടെ സൂക്ഷ്മദർശനങ്ങള്‍ സൂപ്പര്‍ഹിറ്റിലേക്ക്': ബേസിൽ - നസ്രിയ ചിത്രം തരംഗമാകുന്നു !
80 കോടിപടം ബോക്സോഫീസില്‍ മൂക്കുംകുത്തി വീണു; സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സംവിധായകന്‍ !