അശ്വിന്റേത് മാന്യമായ കളിയല്ല; എംസിസിയും കൈവിട്ടു
അശ്വിന്റേത് ക്രിക്കറ്റിന്റെ മാന്യതക്ക് ചേര്‍ന്ന നടപടിയായിരുന്നില്ലെന്ന് എംസിസി മാനേജര്‍ ഫ്രേസര്‍ സ്റ്റുവര്‍ട്ട്
ലണ്ടന്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്മാന്‍ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി).
അശ്വിന്റേത് ക്രിക്കറ്റിന്റെ മാന്യതക്ക് ചേര്‍ന്ന നടപടിയായിരുന്നില്ലെന്ന് എംസിസി മാനേജര്‍ ഫ്രേസര്‍ സ്റ്റുവര്‍ട്ട് പറഞ്ഞു. അശ്വിന്‍ ബട്‌ലറെ പുറത്താക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചശേഷമാണ് എംസിസി നിലപാട് അറിയിച്ചത്. പന്ത് കൈയില്‍ നിന്ന് വിടുന്നത് അശ്വിന്‍ മന:പൂര്‍വം വൈകിച്ചുവെന്നും ഇത് ബാറ്റ്സ്മാന്‍ ക്രീസ് വിടാന്‍ വേണ്ടിയായിരുന്നുവെന്നും സ്റ്റുവര്‍ട്ട് പറഞ്ഞു.
അശ്വിന്‍ പന്ത് യഥാസമയം കൈവിട്ടിരുന്നെങ്കില്‍ ബട്‌ലറുടെ നടപടിയില്‍ തെറ്റുകാണാനാവില്ല. എന്നാല്‍ ബട്‌ലര്‍ ക്രീസ് വിട്ടിറങ്ങാനായി അശ്വിന്‍ മന:പൂര്‍വം പന്ത് കൈവിടുന്നത് വൈകിക്കുകയായിരുന്നു. ഇത്തരത്തില്‍ ബൗളര്‍ പന്തെറിയുന്നതിന് മുമ്പെ ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്ട്രൈക്കര്‍മാരുടെ നടപടിയും ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കുന്നതല്ലെന്ന് സ്റ്റുവര്‍ട്ട് പറഞ്ഞു.
ഇത് ബാറ്റ്സ്മാന് മുന്‍തൂക്കം നല്‍കും. എന്നാല്‍ അശ്വിന്‍ പന്തെറിയാന്‍ മന:പൂര്‍വം വൈകിച്ചുവെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായതിനാലാണ് അദ്ദേഹത്തിന്റെ നടപടി മാന്യതക്ക് നിരക്കാത്ത കളിയാണെന്ന് പറയേണ്ടിവരുന്നതെന്നും സ്റ്റുവര്‍ട്ട് വ്യക്തമാക്കി.