ചെന്നൈ-ഡല്‍ഹി പോരാട്ടം ഇന്ന്, ധോണി-പന്ത് പോരാട്ടമാകുമോ
പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം
ദില്ലി: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുക.
പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.
ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. വാട്സൺ, റെയ്ന, റായ്ഡു, ക്യാപ്റ്റൻ ധോണി, ബ്രാവോ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ആദ്യകളിയിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല.
മുംബൈ ബൗളർമാരെ തച്ചുതകർത്ത ഡൽഹി കാപിറ്റൽസ് വാംഖഡേയിൽ നേടിയത് 213 റൺസായിരുന്നു. 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെയും പേടിസ്വപ്നം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും അപകടകാരികൾ. കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.