സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ റബാഡ; ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം

സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്‍മാര്‍ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല. 

delhi capitals won in super over

ദില്ലി: ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്‍മാര്‍ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയെ പേസര്‍ പ്രസിദ് കൃഷ്‌ണ 10 റണ്‍സിലൊതുക്കിയിരുന്നു. പന്ത്, ശ്രേയാസ്, ഷാ നിരയാണ് ക്രീസിലിറങ്ങിയത്. 

നേരത്തെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്തില്‍ സമനില പിടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു. പൃഥ്വി ഷായുടെ വമ്പന്‍ ഇന്നിംഗ്‌സും ഡല്‍ഹിയെ ജയിപ്പിച്ചില്ല. ഇതേസമയം അവസാന ഓവറില്‍ കുല്‍ദീപിന്‍റെ മാസ്‌മരിക ബൗളിംഗ് കൊല്‍ക്കത്തയ്ക്ക് രക്ഷയായി. സ്‌കോര്‍: കൊല്‍ക്കത്ത 185-8, ഡല്‍ഹി 185-6

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തിക്- റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സന്ദര്‍ശകര്‍ക്ക് 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5. 

എന്നാല്‍ ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ കരകയറ്റി. കാര്‍ത്തിക് കരുതലോടെ കളിച്ചപ്പോള്‍ റസല്‍ കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് മൂഡിലായിരുന്നു. 23 പന്തില്‍ റസലിന്‍റെ സൂപ്പര്‍ അര്‍ദ്ധ സെഞ്ചുറി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. റസലും കാര്‍ത്തിക്കും കൂട്ടിച്ചേര്‍ത്ത് 95 റണ്‍സ്. റസല്‍ പുറത്തായ ശേഷം ഹിറ്റ് ചെയ്ത് കളിച്ച കാര്‍ത്തിക് 36 പന്തില്‍ 50 റണ്‍സെടുത്തു. 19-ാം ഓവറില്‍ മിശ്രക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ചൗളയും(5 പന്തില്‍ 12) കുല്‍ദീപും(5 പന്തില്‍ 10) കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചു. 

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. ചൗള എറിഞ്ഞ മൂന്നാം ഓവറില്‍ ധവാന്‍, റസലിന്‍റെ കൈകളില്‍ ഒതുങ്ങി. പുറത്താകുമ്പോള്‍ ധവാന്‍റെ അക്കൗണ്ടില്‍ 8 പന്തില്‍ 16 റണ്‍സ്. മറ്റൊരു ഓപ്പണറായ പൃഥ്വി ഷായും നായകന്‍ ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ കണ്ടത് യുവ താരങ്ങളുടെ കളിയഴക്. ഇരുവരും മികച്ച ഷോട്ടുകളുമായി ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ റസലിന്‍റെ പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറിലൈനില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ അയ്യര്‍(32 പന്തില്‍ 43) അപ്രതീക്ഷിതമായി മടങ്ങി. 

അവിടംകൊണ്ട് അടി നിര്‍ത്താന്‍ ഉദേശിച്ചിരുന്നില്ല പൃഥ്വി ഷാ. 30 പന്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അയ്യര്‍ പുറത്തായ ശേഷമെത്തിയ ഋഷഭ് പന്ത് വേഗം മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെ 18-ാം ഓവറില്‍ കുല്‍ദീപ് പറഞ്ഞയച്ചു. അവസാന രണ്ട് ഓവറില്‍ 15 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്.  എന്നാല്‍ ആദ്യ ഐപിഎല്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഷാ വീണു. ഫെര്‍ഗൂസന്‍റെ 19.3 ഓവറില്‍ കാര്‍ത്തിക്കിന് ക്യാച്ച്. 55 പന്തില്‍ മൂന്ന് സിക്‌സും 12 ഫോറും അടങ്ങിയ ഇന്നിംഗ്‌സിന് വിരാമം. കളിതീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കേ വിഹാരിയെ(2) കുല്‍ദീപ് മടക്കി. അവസാന പന്തില്‍ ഡല്‍ഹിക്ക് രണ്ട് റണ്‍ നേടാനാകാതെ വന്നതോടെ കളി സമനിലയില്‍. പിന്നെ കണ്ടത് സൂപ്പര്‍ ഓവര്‍ യുദ്ധം. 

Latest Videos
Follow Us:
Download App:
  • android
  • ios