ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. യുവത്വത്തിന്റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്.
ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. യുവത്വത്തിന്റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ഡല്‍ഹി, മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചാണ് ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.
ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, ക്യാപ്റ്റന്‍ ധോണി, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുള്‍പ്പെട്ട ബാറ്റിങ് നിര ആദ്യകളിയില്‍ പരീക്ഷിക്കപ്പെട്ടിരുന്നില്ല. മുംബൈ ബൗളര്‍മാരെ തച്ചുതകര്‍ത്ത ഡല്‍ഹി കാപിറ്റല്‍സ് വാംഖഡേയില്‍ നേടിയത് 213 റണ്‍സ്. 27പന്തില്‍ പുറത്താവാതെ 78 റണ്‍സെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെ പേടിസ്വപ്‌നം.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരും അപകടകാരികള്‍. കോട്‌ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ബൗളര്‍മാരുടെ മികവാകും നിര്‍ണായകമാവുക.