ഒരു മുടി, തെളിഞ്ഞത് 30 വര്‍ഷം വട്ടം കറക്കിയ കേസ്; 140 തവണ ലൈംഗിക തൊഴിലാളിയെ കുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം
മരീനയുടെ കൊലപാതകത്തില്‍ 28 വര്‍ഷത്തോളം പ്രതി കാണാമറയത്തായിരുന്നു. പട്ടേല്‍ ആണ് പ്രതിയെന്ന് കണ്ടെത്തിയത് സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ്.
ലണ്ടന്‍: ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ ജീവപര്യന്തം. 30 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലാണ് 51കാരനായ സന്ദീപ് പട്ടേലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
1994ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 39കാരിയായ ലൈംഗിക തൊഴിലാളിയെ 140 തവണ കുത്തിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പ്രദേശത്ത് യുവതിയുടെ ഫ്ലാറ്റില്‍ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. മരീന കോപ്പല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മരീനയുടെ കൊലപാതകത്തില്‍ 28 വര്‍ഷത്തോളം പ്രതി കാണാമറയത്തായിരുന്നു. പട്ടേല്‍ ആണ് പ്രതിയെന്ന് കണ്ടെത്തിയത് സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ്. മരീന കോപ്പല്‍ ധരിച്ചിരുന്ന മോതിരത്തില്‍ നിന്ന് കണ്ടെത്തിയ മുടി പരിശോധിച്ചപ്പോള്‍ ഇത് സന്ദീപിന്‍റെ ഡിഎന്‍എയുമായി യോജിച്ച് വന്നതോടെയാണ് 2022ല്‍ പ്രതി പിടിയിലാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്ത് കണ്ടെത്തിയ കാല്‍പ്പാടുകളും പട്ടേലിന്‍റേതുമായി യോജിച്ച് വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ലൈംഗിക തൊഴിലിന് പുറമെ മസാജ് തെറാപ്പിസ്റ്റായും മരീന ജോലി ചെയ്തിരുന്നു. കൊളംബിയയിലെ തന്‍റെ കുടുംബത്തെ സഹായിക്കുന്നതിനാണ് മരീന ഈ ജോലികള്‍ ചെയ്തിരുന്നത്. മരീനയെ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ പട്ടേലിന്‍റെ വിരലടയാളം കണ്ടെത്തിയെങ്കിലും കേസ് ദീര്‍ഘകാലമായി തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു.
ഫോറന്‍സിക് സാങ്കേതിക വിദ്യയിലെ പുരോഗതിയാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്. മോതിരത്തില്‍ നിന്ന് ലഭിച്ച മുടി ആദ്യം പരിശോധിച്ചിരുന്നു. 2022 വരെ സെന്‍സിറ്റീവ് ഡിഎന്‍എ വിശകലനം ചെയ്യുന്ന രീതിയില്‍ സാങ്കേതിക വിദ്യ പുരോഗമിച്ചതോടെയാണ് പട്ടേലിന്‍റെ ഡിഎന്‍എയുമായി ഇതിനെ ബന്ധിപ്പിക്കാനായത്. 2012ൽ മറ്റൊരു കേസിൽ പിടികൂടിയ പട്ടേലിന്‍റെ ഡിഎൻഎ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ഇതുമായി യോജിച്ചതോടെയാണ് പ്രതി പട്ടേലാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഫെബ്രുവരി 15 ന് ഓൾഡ് ബെയ്‌ലി, സെൻട്രൽ ക്രിമിനൽ കോടതി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...