ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ചു; പോളിമാർക്കറ്റ് സിഇഒയുടെ വീട്ടിൽ എഫ്ബിഐ റെയ്ഡ്
വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ ട്രംപ് അനായാസ വിജയം നേടുമെന്ന് പോളിമാർക്കറ്റ് കൃത്യമായി പ്രവചിച്ചതിന് പിന്നാലെയാണ് റെയ്ഡ്. വിപണിയിലും ട്രംപിന് അനുകൂലമായും വോട്ടെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നാണ് എഫ്ബിഐ ആരോപണം.
വാഷിങ്ടൺ: ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ച ക്രിപ്‌റ്റോ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂതാട്ടം നടത്തുന്ന പോളിമാർക്കറ്റ് വെബ്സൈറ്റിന്റെ സ്ഥാപകനും സിഇഒയുമായ ഷെയ്ൻ കോപ്ലൻ്റെ ന്യൂയോർക്ക് സിറ്റി അപ്പാർട്ട്‌മെൻ്റിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ് നടത്തി. വ്യക്തമായ വിശദീകരണം നൽകാതെയാണ് റെയ്ഡ് നടത്തിയത്. അദ്ദേഹത്തിൻ്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ ട്രംപ് അനായാസ വിജയം നേടുമെന്ന് പോളിമാർക്കറ്റ് കൃത്യമായി പ്രവചിച്ചതിന് പിന്നാലെയാണ് റെയ്ഡ്. വിപണിയിലും ട്രംപിന് അനുകൂലമായും വോട്ടെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നാണ് എഫ്ബിഐ ആരോപണം.
പോളിമാർക്കറ്റ് ചൂതാട്ടം യുഎസിൽ അനുവദിക്കുന്നില്ലെങ്കിലും, ചില ഉപയോക്താക്കൾ VPN-കൾ ഉപയോഗിച്ച് നിയന്ത്രണം മറികടന്ന് ചൂതാട്ടത്തിൽ പങ്കെടുത്തു. തെഞ്ഞെടുപ്പിന് മുമ്പ്, പോളിമാർക്കറ്റിൻ്റെ സാധ്യതകൾ ട്രംപിനെ വളരെയധികം അനുകൂലിച്ചു. ആദ്യം ട്രംപിന്റെ വിജയസാധ്യത 58% ആയിരുന്നു. പിന്നീട് 95% ആയി ഉയർന്നു. ഡൊണാൾഡ് ട്രംപുമായും അദ്ദേഹത്തിൻ്റെ സഖ്യകക്ഷികളുമായും പോളിമാർക്കറ്റിന് ശക്തമായ ബന്ധമുണ്ടെന്നും ആരോപണമുയർന്നു.