'അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടം ലഭിച്ചു'; വൻ അവകാശവാദവുമായി ഓസീസ് മത്സ്യത്തൊഴിലാളി
വിമാനം അപ്രത്യക്ഷമായതിന് ഏതാനും മാസങ്ങൾക്ക് ശേഷം, തന്റെ ആഴക്കടൽ ട്രോളറിൽ മത്സ്യബന്ധം നടത്തവെ ലഭിച്ച വസ്തു വാണിജ്യ വിമാനത്തിന്റെ ചിറകാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി ഓൾവർ പറയുന്നു.
സിഡ്നി: 227 യാത്രക്കാരുമായി കാണാതായ മലേഷ്യൻ വിമാനത്തിന്റെ ചിറക് തനിക്ക് ലഭിച്ചെന്ന അവകാശവാദവുമായി ഓസ്ട്രേലിയൻ മത്സ്യത്തൊഴിലാളി രംഗത്ത്. കിറ്റ് ഓൾവർ എന്ന മത്സ്യത്തൊഴിലാളിയാണ് അവകാശവാദവുമായി മുന്നോട്ട് വന്നത്. കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റായ എംഎച്ച് 370 ന്റെ ഒരു ഭാഗം താനിക്ക് ലഭിച്ചിരുന്നെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 227 യാത്രക്കാരും 12 ജീവനക്കാരുമായി 2014 മാർച്ച് 8 നാണ് വിമാനം കാണാതായത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലുകൾ നടത്തിെങ്കിലും യാതൊരു തുമ്പും തരാതെ വിമാനം ഇന്നും അജ്ഞാതമായി തുടരുകയാണ്.
അതിനിടയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയ വാദവുമായി ഓൾവർ രംഗത്തെത്തിയത്. വിമാനം അപ്രത്യക്ഷമായതിന് ഏതാനും മാസങ്ങൾക്ക് ശേഷം, തന്റെ ആഴക്കടൽ ട്രോളറിൽ മത്സ്യബന്ധം നടത്തവെ ലഭിച്ച വസ്തു വാണിജ്യ വിമാനത്തിന്റെ ചിറകാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി ഓൾവർ പറയുന്നു. സിഡ്നി മോണിംഗ് ഹെറാൾഡിനോടാണ് ഓൾവർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. സാധനം കിട്ടിയ ശേഷം ഞാൻ എന്നോട് സ്വയം ചോദിച്ചു. ആരുമറിയതെന്നായിരുന്നു ചിന്തിച്ചത്. പക്ഷേ അത് അവിടെ തന്നെയുണ്ട്. അതൊരു യാത്രാ വിമാനത്തിന്റെ ചിറകായിരുന്നുവെന്നതിൽ എനിക്കിപ്പോൾ യാതൊരു സംശയവുമില്ല. -ഓൾവർ പറഞ്ഞു.
ട്രോളറിലെ മറ്റൊരു ക്രൂ അംഗമായ ജോർജ്ജ് ക്യൂറി എന്നയാളും ഓൾവറിന്റെ അവകാശവാദം ശരിവെച്ചു. ചിറക് വീണ്ടെടുക്കാൻ അവർ നേരിട്ട ബുദ്ധിമുട്ടും വിവരിച്ചു. ചിറക് 20,000 ഡോളറിന്റെ വലയ്ക്ക് കേടുപാടുകൾ വരുത്തി. വലിയ ഭാരമുള്ളതായിരുന്നു ലഭിച്ച വസ്തു. സാധനം കുടുങ്ങിയതോടെ വല കീറി. ഡെക്കിൽ കയറ്റാൻ കഴിയാത്തത്ര വലുതായിരുന്നു. കണ്ടപ്പോൾ തന്നെ അതെന്താണെന്ന് മനസ്സിലായി. ഒരു വാണിജ്യ വിമാനത്തിൽ നിന്നുള്ള ചിറകോ അല്ലെങ്കിൽ വിമാനത്തിന്റെ വലിയൊരു ഭാഗമോ ആയിരുന്നു അത്. വെളുത്ത നിറമായിരുന്നു. സൈനിക ജെറ്റിന്റെയോ ചെറിയ വിമാനത്തിന്റെയോ ആയിരുന്നില്ല എന്നുറപ്പുണ്ട്. ലഭിച്ച വസ്തുവിനെ പുറത്തെടുക്കാൻ ക്രൂവിന് ഒടുവിൽ വല മുറിക്കേണ്ടി വന്നു. ഒൻപത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും, താൻ ചിറക് കണ്ടെത്തിയ സ്ഥലത്തിന്റെ വിവരം നൽകാൻ തനിക്ക് ഇപ്പോഴും കഴിയുമെന്ന് ഓൾവർ അവകാശപ്പെടുന്നു. ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ് ഓൾവർ.