Asianet News MalayalamAsianet News Malayalam

രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടുന്ന മയക്കുമരുന്ന് പിന്നീട് എന്ത് ചെയ്യും? നടപടികളുടെ പൂർണ വിവരം ഇതാ

ഒക്ടോബർ 1ന് ദില്ലിയിൽ നിന്ന് 5,600 കോടി രൂപ വിലമതിക്കുന്ന 562 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

What happens to the drugs that are seized in India Here are the complete details
Author
First Published Oct 14, 2024, 10:06 PM IST | Last Updated Oct 14, 2024, 10:20 PM IST

ദില്ലി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യതലസ്ഥാനമായ ദില്ലിയിലും​ ​ഗുജറാത്തിലുമായി പിടികൂടിയത് 13,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്. അന്വേഷണ ഏജൻസികൾ 1,289 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവുമാണ് ദില്ലിയിലും ഗുജറാത്തിലുമായി പിടികൂടിയത്. ദില്ലി, ഗുജറാത്ത് പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഗുജറാത്തിലെ അങ്കലേശ്വറിൽ നിന്ന് മാത്രം 518 കിലോ കൊക്കെയ്ൻ പിടികൂടിയിരുന്നു. ഇതിന് മാത്രം 5,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നേരത്തെ, ഒക്ടോബർ 1ന് ദില്ലിയിൽ നിന്ന് 562 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവും പിടികൂടിയിരുന്നു. 5,600 കോടി രൂപയാണ് ഇതിൻ്റെ മൂല്യമായി കണക്കാക്കിയിരുന്നത്. ദില്ലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു ഇത്. 

മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീ‍ർ, പഞ്ചാബ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് പിടികൂടാറുണ്ട്. കേരളത്തിൽ നിന്ന് പോലും ദിവസേനയെന്നോണം മയക്കുമരുന്ന് വേട്ടയുടെ വാർത്തകൾ കാണാറുണ്ട്. ഇത്തരത്തിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ടൺ മയക്കുമരുന്നാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി പിടികൂടുന്നത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കണക്കുകൾ പ്രകാരം 2023ൽ മാത്രം മയക്കുമരുന്ന് പിടികൂടിയ വിവിധ സംഭവങ്ങളിലായി 1.32 ലക്ഷത്തിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ പിടികൂടുന്ന മയക്കുമരുന്നിന് പിന്നീട് എന്ത് സംഭവിക്കുമെന്ന സംശയം പലർക്കുമുണ്ട്. 

ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് പിടികൂടിയാൽ ആദ്യം ചെയ്യുക അതിൻ്റെ സാമ്പിളിം​ഗാണ്. അതിന് ശേഷം പരിശോധനയ്ക്ക് അയക്കും. ഈ ഘട്ടങ്ങളെല്ലാം പൂ‍ർത്തിയായ ശേഷം പിടിച്ചെടുത്ത മയക്കുമരുന്ന് ഒഴിവാക്കാനുള്ള നടപടികളിയേക്ക് കടക്കും. ഇതിന് റവന്യൂ വകുപ്പിൻ്റെ കൃത്യമായ മാർഗരേഖയുണ്ട്. ഓരോ സംസ്ഥാനത്തിനും ഒന്നോ അതിലധികമോ മയക്കുമരുന്ന് നിർമാർജന സമിതികളുണ്ട്. ഈ സമിതിയാണ് മയക്കുമരുന്ന് നിർമാർജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്. 

പരിമിതമായ അധികാരം മാത്രമുള്ളതിനാൽ മയക്കുമരുന്ന് നിർമാർജന സമിതിക്ക് ഒരു നിശ്ചിത അളവ് വരെ മാത്രമേ സംസ്കരിക്കാൻ കഴിയൂ. നിശ്ചിത അളവിൽ കൂടുതൽ മയക്കുമരുന്ന് പിടികൂടിയാൽ അവ സംസ്കരിക്കാനുള്ള തീരുമാനമെടുക്കുക ഉന്നതതല സമിതിയാണ്. 5 കിലോ ഹെറോയിൻ, 100 കിലോ ഹാഷിഷ്, 1000 കിലോ കഞ്ചാവ്, 2 കിലോ കൊക്കെയ്ൻ എന്നിവ നിർമ്മാർജ്ജനം ചെയ്യുന്ന കാര്യത്തിൽ മയക്കുമരുന്ന് നിർമാർജന സമിതിക്ക് തീരുമാനമെടുക്കാൻ സാധിക്കും. എന്നാീൽ, നിശ്ചിത അളവിൽ കൂടുതൽ മയക്കുമരുന്ന് ഉണ്ടെങ്കിൽ, അത് നിർമാർജനം ചെയ്യാനുള്ള ശുപാർശ ഉന്നതതല സമിതിക്ക് അയച്ച ശേഷമാണ് അന്തിമ തീരുമാനം എടുക്കുക.

മയക്കുമരുന്നുകൾ പലതരത്തിലുള്ളവയായതിനാൽ അവ ഒഴിവാക്കുന്ന രീതിയും വ്യത്യസ്തമാണ്. കറുപ്പ്, മോർഫിൻ, കോഡിൻ എന്നിവയാണെങ്കിൽ അവ സർക്കാർ ഫാക്ടറികൾക്ക് ലേലം ചെയ്യും. പിടികൂടുന്ന മയക്കുമരുന്ന് മെഡിക്കൽ അല്ലെങ്കിൽ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണെങ്കിൽ അത് വിൽക്കുകയോ ലേലം ചെയ്യുകയോ ചെയ്യും. ഇതുകൂടാതെ, മെഡിക്കൽ ഉപയോഗമോ വ്യാവസായിക ഉപയോഗമോ ഇല്ലാത്തതും ലഹരിക്കായി മാത്രം ഉപയോഗിക്കുന്നതുമായ ഏതെങ്കിലും മയക്കുമരുന്നാണ് പിടികൂടുന്നതെങ്കിൽ അത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കത്തിച്ച് കളയുകയാണ് ചെയ്യുക. 

READ MORE: 'ജീവൻ പോകുന്നതിന് മുമ്പ് പുറത്തുവരൂ'; ഭൂ​ഗ‍ർഭ തുരങ്കത്തിൽ നിന്ന് ഹിസ്ബുല്ല ഓപ്പറേറ്ററെ പിടികൂടി ഇസ്രായേൽ സേന

Latest Videos
Follow Us:
Download App:
  • android
  • ios