Asianet News MalayalamAsianet News Malayalam

ലോകം ശ്രദ്ധിക്കുന്നു, ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയിൽ തിളങ്ങി കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ 27 സ്റ്റാര്‍ട്ടപ്പുകൾ

ജൈടെക്സിന്‍റെ നാല്പത്തിനാലാമത് പതിപ്പില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1,800-ലധികം സ്റ്റാര്‍ട്ടപ്പുകളും 1,200 നിക്ഷേപകരും  പങ്കെടുക്കുന്നുണ്ട്

Kerala startup ecosystem shows prowess at GITEX North Star expo at Dubai
Author
First Published Oct 14, 2024, 10:20 PM IST | Last Updated Oct 14, 2024, 10:20 PM IST

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായ 27 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ആരംഭിച്ച ജൈടെക്സ് ഗ്ലോബലിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ലോകമെമ്പാടുമുള്ള നൂതന ഉത്പന്നങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, സുസ്ഥിര ആശയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-നിക്ഷേപ പരിപാടിയാണ് എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍. ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കണോമിയുടെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.  

ജൈടെക്സിന്‍റെ നാല്പത്തിനാലാമത് പതിപ്പില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1,800-ലധികം സ്റ്റാര്‍ട്ടപ്പുകളും 1,200 നിക്ഷേപകരും  പങ്കെടുക്കുന്നുണ്ട്. ഒക്ടോബര്‍ 13 ന് ആരംഭിച്ച എക്സ്പോ 16 ന് സമാപിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വാണിജ്യ-നിക്ഷേപ അവസരങ്ങള്‍ നേടാനാകുന്നതിനൊപ്പം സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും ജൈടെക്സിലൂടെ സാധിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ചലനാത്മകവും ശക്തവുമായ പ്ലാറ്റ് ഫോം കൂടിയാണിത്.

നൂതന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഗള്‍ഫിലെ നിക്ഷേപകരുമായി ബന്ധമുറപ്പിക്കാന്‍ ഇത് സഹായകമാകും. ദുബായില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍ററുള്ളത് കൊണ്ട് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനു കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വേസ്പാരോ, കോഡിലാര്‍, ഡ്രീംലൂപ്പ് എഐ, എക്സ് ആര്‍ ഹൊറൈസണ്‍, ഫ്ളോ ഫ്ളെക്സ്, റോഡിമേറ്റ്, എഡ്യുപോര്‍ട്ട്, എക്സ്പ്രസ്ബേസ്, സീറോവാട്ട്, ട്രവിഡക്സ് ടെക്നോളജീസ്, പാപ്പിജോ, ബില്യണ്‍ലൈവ്സ്, സാസ്ഓര്‍ഡര്‍, അപ്ബഫ് ടെക്നോളജീസ്, റൂമിന്‍ഡോ, എലന്‍സ് ലേണിംഗ്, ഓട്ടോഹോം ഓട്ടോമേഷന്‍സ്, ഫിന്‍ടെക്കിസം, സ്റ്റഡിജാം, കോണ്‍ടാക്റ്റോ, കോഡ് സാപ്പ് ടെക്നോളജീസ്, ലൈവ് ടു സ്മൈല്‍, വെന്‍റപ്പ്, ഡോക്ടര്‍ അസിസ്റ്റ് എഐ, ആര്‍ക്കെല്ലിസ്, എക്സ്പ്ലോര്‍, എക്സ്ബോസണ്‍ എഐ, സ്റ്റെം എക്സ്പെര്‍ട്ട് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്ന് എക്സ്പോയുടെ ഭാഗമാകുന്നത്.

ജൈടെക്സ് നോര്‍ത്ത് സ്റ്റാറിന്‍റെ ഭാഗമായി നടക്കുന്ന സൂപ്പര്‍നോവ ചലഞ്ചിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്. സംരംഭകര്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന സൂപ്പര്‍നോവ ചലഞ്ചിലേക്ക് കേരളത്തില്‍ നിന്നുള്ള 3 സ്റ്റാര്‍ട്ടപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റൂമിന്‍ഡോ, റോഡ്മേറ്റ്, ഡ്രീംലൂപ്പ് എഐ എന്നിവയാണവ.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജൈടെക്സില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള വേദി കൂടിയാണ് ജൈടെക്സ് എക്സ്പോ. യുഎഇ യിലെ ഇന്ത്യന്‍ എംബസിയ്ക്കൊപ്പം ദുബായിലെ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍ററും വണ്‍ട്രപ്രണറും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്കുന്നതും ശ്രദ്ധേയമാണ്.

ലോകം കാണാൻ ആഗ്രഹിക്കുന്നു! ട്രെന്‍ഡിംഗ് ലിസ്റ്റിലെ ആദ്യ 10ൽ കേരളത്തിന്‍റെ സർപ്രൈസ് എൻട്രി

ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് മുതൽ കളിനറി സ്‌കിൽസ് വരെ; ക്രിയേറ്റീവ് ആകാൻ കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios