Asianet News MalayalamAsianet News Malayalam

താക്കോൽ കൊണ്ടുവന്നു, വീട് തുറന്നു; സന്ധ്യയും മക്കളും സമാധാനത്തോടെ പുതുജീവിതത്തിലേക്ക്; താങ്ങായി ലുലു ഗ്രൂപ്പ്

സന്ധ്യയും മക്കളും ജപ്തി ചെയ്യപ്പെട്ട വീടിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ്

Sandhya children gets their home back as Lulu group took over loan
Author
First Published Oct 14, 2024, 9:57 PM IST | Last Updated Oct 14, 2024, 10:11 PM IST

പറവൂർ: പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കൾക്കും തിരിച്ച് കിട്ടി. കട ബാധ്യതകൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഉറപ്പാക്കിയതോടെ മണപ്പുറം ഫിനാൻസിൽ നിന്ന് താക്കോലെത്തിച്ചു. ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് താക്കോൽ സന്ധ്യക്ക് കൈമാറി. സന്ധ്യയും മക്കളും ചേർന്ന് വീട് തുറന്ന് വീണ്ടും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. കടബാധ്യതകൾ മുഴുവൻ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ ലുലു ഗ്രൂപ്പ് കുടുംബത്തിന് സ്ഥിരനിക്ഷേപമായി 10 ലക്ഷം രൂപയും നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കടബാധ്യതകൾ തീർക്കാനുള്ള തുക ചെക്കായി ലുലു ഗ്രൂപ്പ് കൈമാറി. 

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ് 2019 ൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇവർ നാല് ലക്ഷം രൂപ വായ്പയെടുത്തത്. പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയും ഏഴിലും രണ്ടിലും പഠിക്കുന്ന രണ്ട് മക്കളുമാണ് ഈ വീട്ടിൽ താമസം. സന്ധ്യയുടെ ഭ‍ർത്താവ് രണ്ട് വർഷം മുൻപ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇയാളുടെ പേരിലാണ് വീട്. ഈ വീട് തൻ്റെ പേരിലേക്ക് മാറ്റണമെന്നും സന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസമാക്കിയതോടെ എല്ലാ ബാധ്യതകളും സന്ധ്യയുടെ ചുമലിലായി. ഇതിന് പുറമെ 8 ലക്ഷത്തോളം രൂപ കുടുംബത്തിന് വേറെയും കടമുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സന്ധ്യക്ക് മാസം 9000 രൂപയായിരുന്നു വരുമാനം. ഇതുകൊണ്ട് ലോൺ തിരിച്ചടവ് സാധ്യമാകാതെ വന്നതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. ഇന്ന് സന്ധ്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീട്ടിനകത്തെ സാധനങ്ങൾ പോലും ഇവർക്ക് എടുക്കാൻ കഴിഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വന്നതോടെ വീട്ടിനുള്ളിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് മണപ്പുറം ഫിനാൻസ് ലീഗൽ ഓഫീസർ അറിയിച്ചു. നിയമപരമായി അത് ചെയ്തു നൽകാമെന്നാണ് സ്ഥാപനം അറിയിച്ചത്. തൻ്റെ വീട്ടിൽ തിരികെ കയറാൻ കഴിയാതെ ഇനി പച്ചവെള്ളം കുടിക്കില്ലെന്ന് ദൃ‌ഢനിശ്ചയത്തിലായിരുന്നു സന്ധ്യ. പിന്നാലെ ലുലു ഗ്രൂപ്പ് വായ്പ ഏറ്റെടുക്കുകയും രാത്രി തന്നെ കുടുംബത്തിന് വീട്ടിൽ തിരികെ പ്രവേശിക്കാൻ അവസരമൊരുക്കുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios