'തിക്കും തിരക്കും ഉണ്ടാക്കിയതിൽ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍' ; ഭോലെ ബാബയുടെ പേരിൽ കത്ത് പുറത്ത്

പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്

 UP Hathras stampede accident Involvement of anti-social elements in causing the stampede; Letter in the name of Bhole Baba

ദില്ലി: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബയുടെ പേരിലുള്ള കത്ത് പുറത്ത്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാക്കിയതില്‍ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഉണ്ടെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി അഭിഭാഷകൻ എപി സിങിനെ ചുമതലപ്പെടുത്തിയെന്നുമാണ് കത്തില്‍ പറയുന്നത്.

അതേസമയം,ഉത്തര്‍പ്രദേശിലെ ഹത്രാസിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേർ മരിച്ച സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം റിട്ട. ജഡ്ജി അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

അതേസമയം, ഹത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി.

Latest Videos
Follow Us:
Download App:
  • android
  • ios