'ഞാൻ ജീവനോടെയുണ്ട് ഉണ്ട് സർ'; കൊലക്കേസിൽ വാദം നടക്കവെ 'കൊല്ലപ്പെട്ട' 11കാരൻ ജീവനോടെ സുപ്രീം കോടതിയില്‍!
വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ കൊല്ലപ്പെട്ട 11കാരൻ ഹാജരായി. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തന്റെ മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാൻ അച്ഛനാണ് തന്റെ കൊലപാതക കഥ ആസൂത്രണം ചെയ്തതെന്നും കുട്ടി വെളിപ്പെടുത്തി.
ദില്ലി: കൊലപാതകക്കേസിൽ സുപ്രീം കോടതിയിൽ ചൂടേറിയ വാദം നടക്കവെ, കൊല്ലപ്പെട്ട 11കാരൻ ജീവനോടെ ജഡ്ജിമാർക്ക് മുന്നിലെത്തി. കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ വാദം കേൾക്കുന്നതിനിടെയാണ് സംഭവം. സിനിമയെ വെല്ലുന്ന സംഭവങ്ങൾക്കാണ് കോടതി സാക്ഷിയായത്. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശിയായ 11 വയസുകാരൻ കൊല്ലപ്പെട്ടതായിരുന്നു കേസ്. വാദം കേൾക്കുന്നതിനിടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ കൊല്ലപ്പെട്ട 11കാരൻ ഹാജരായി. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തന്റെ മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാൻ അച്ഛനാണ് തന്റെ കൊലപാതക കഥ ആസൂത്രണം ചെയ്തതെന്നും കുട്ടി വെളിപ്പെടുത്തി.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പരാതിക്കാർക്കെതിരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. യുപി സർക്കാർ, പിലിഭിത്തിലെ പൊലീസ് സൂപ്രണ്ട്, നൂറിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. കുട്ടി മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ കോടതിയിൽ നടന്ന സംഭവങ്ങൾ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി തന്റെ അമ്മയുടെ അച്ഛന്റെ കൂടെയായിരുന്നു താമസം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അമ്മയെ പിതാവ് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് അവർ മരിച്ചു. പിന്നീട് 2013 ഫെബ്രുവരി മുതൽ കുട്ടി തന്റെ മാതൃപിതാവായ കർഷകനൊപ്പം താമസം തുടങ്ങിയതെന്ന് അഭിഭാഷകൻ പറഞ്ഞു.
മകളുടെ മരണത്തെത്തുടർന്ന്, മുത്തച്ഛൻ മരുമകനെതിരെ പരാതി കൊടുത്തു. പിന്നാലെ മകന്റെ കസ്റ്റഡി ആവശ്യപ്പെട്ട് മരുമകനും കേസ് ഫയൽ ചെയ്തു. തുടർന്നാണ് 11കാരനായ മകൻ കൊല്ലപ്പെട്ടെന്നാരോപിച്ച് ഇയാൾ ഭാര്യപിതാവിനും ഭാര്യസഹോദരന്മാരായ നാല് പേർക്കുമെതിരെ കേസുകൊടുത്തത്. തുടർന്ന് എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ പോയതും ജീവനോടെ കുഞ്ഞിനെ ഹാജരാക്കിയതും. അടുത്ത വർഷം ജനുവരിയിൽ കേസ് ഇനി പരിഗണിക്കും.