Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് സര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി; പഠനം അനിശ്ചിതത്വത്തിൽ; സമരം തുടങ്ങി

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പോലെ തങ്ങളെയും അഡ്മിനിസ്‌ട്രേഷൻ പ്രതികാര നടപടിയിലൂടെ ദ്രോഹിക്കുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി

Students to protest at Hyderabad University on suspension against 5
Author
First Published Jun 27, 2024, 7:48 AM IST

ഹൈദരാബാദ്: വിദ്യാർഥികൾക്കെതിരെ ഹൈദരാബാദ് സർവകലാശാല പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം. വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മലയാളി വിദ്യാർത്ഥികൾ അടക്കം അഞ്ചു പേരെ സര്‍വകലാശാലയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ന്യൂനപക്ഷ - ദളിത് വിദ്യാര്‍ത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചു എന്നടക്കം കുറ്റങ്ങൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈൽ അഹമ്മദ്, അസിക വിഎം എന്നിവർക്കെതിരെയാണ് നടപടി.

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പോലെ തങ്ങളെയും അഡ്മിനിസ്‌ട്രേഷൻ പ്രതികാര നടപടിയിലൂടെ ദ്രോഹിക്കുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കൃപ മരിയ ജോർജ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥി യൂണിയൻ ഫണ്ട് നൽകുന്നത് വൈകിക്കുന്നതിനും വാർഷികാഘോഷ പരിപാടിയായ 'സുകൂൻ' നടത്താൻ അനുവദിക്കാത്ത നടപടിയിലുമാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത്.  നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പുകൾ അടക്കം തുലാസിലാണ്. എസ്എഫ്ഐയാണ് യൂണിവേഴ്‌സിറ്റി യൂണിയന് നേതൃത്വം നൽകുന്നത്. നടപടി നേരിടുന്ന വിദ്യാര്‍ത്ഥികളോട് ജൂലൈ 1 മുതൽ ആറ് മാസത്തേക്ക് ക്ലാസിൽ കയറരുതെന്നും ഹോസ്റ്റൽ ഒഴിയണമെന്നും അഡ്‌മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു. ഇത്തരം നടപടിയുണ്ടായാൽ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് റദ്ദാക്കപ്പെടും.

ഇത്തരം നടപടി വന്നാൽ വിദ്യാർത്ഥികളുടെ ഫെലോഷിപ്പുകൾ റദ്ദാക്കപ്പെടും. സസ്പെൻഷനിലായ രണ്ട് പേർ ജെആർഎഫ് സ്കോളർമാരാണ്. ഒരാൾ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ്. മറ്റ് രണ്ട് പേര്‍ പിഎച്ച്‌ഡി കോഴ്‌സ് ചെയ്യുന്നവരാണ്. ഫെലോഷിപ്പുകൾ കിട്ടുന്നവർക്ക് അത് റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്സ് വർക്ക് ചെയ്യുന്നവർക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാർഥികൾ പറയുന്നു. ഇതോടെ ഈ മാസം 24-ാം തീയതി മുതൽ വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. നടപടി പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios