നിർമാണം പൂർത്തിയായിട്ട് 8 മാസം, സിന്ധുദുർഗിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നു
2.36 കോടി രൂപ ചെലവിൽ എട്ട് മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ നാവിക സേനാ ദിനത്തിലായിരുന്നു പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്.
സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ തകർന്നത്. തിങ്കളാഴ്ചയാണ് പ്രതിമ തകർന്നത്. എട്ട് മാസം മുൻപ് സ്ഥാപിച്ച പ്രതിമ തകർന്നതിൽ കാലാവസ്ഥയെ ഭരണപക്ഷം പഴിക്കുമ്പോൾ സംഭവം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. അഴിമതിയുടെ കാര്യത്തിൽ മറാഠാ രാജാവ് ശിവാജിയെപ്പോലും
ബിജെപി സർക്കാർ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രതിമ പുനർ നിർമിക്കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിശദമാക്കുന്നത്. നാവിക സേന രൂപ കൽപന ചെയ്ത പ്രതിമയാണ് തിങ്കളാഴ്ച തകർന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ ശക്തിയിൽ കാറ്റ് വീശിയതാണ് പ്രതിമ തകരാൻ കാരണമായതെന്നാണ് ഏക്നാഥ് ഷിൻഡെ വിശദമാക്കുന്നത്. പ്രതിമ തകർന്നത് ഭൌർഭാഗ്യകരമാണെന്നും ഏക്നാഥ് ഷിൻഡെ വിശദമാക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കുമെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി പ്രതികരിച്ചത്.
2.36 കോടി രൂപ ചെലവിലാണ് എട്ട് മാസങ്ങൾക്ക് മുൻപ് പ്രതിമ സിന്ധുദുർഗിൽ സ്ഥാപിച്ചത്. പ്രതിമ തകരാനുണ്ടായ കാരണത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് നാവിക സേന വിഷയത്തിൽ പ്രതികരിക്കുന്നത്. ദൌർഭാഗ്യകരമായ സംഭവത്തേക്കുറിച്ച് പഠിക്കാൻ സംഘത്തെ നിയോഗിച്ചതായും നാവിക സേന ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഒരു മണിയോടെയാണ് തകർന്ന് വീണത്. മുംബൈയിൽ നിന്ന് 480കിലോമീറ്റർ അകലെ കൊങ്കൺ മേഖലയിലുള്ള സിന്ധുദുർഗ് ജില്ലയിലെ മാൽവാനിലെ രാജ്കോട്ട് കോട്ടയിലായിരുന്നു ഈ പ്രതിമയുണ്ടായിരുന്നത്. കഴിഞ്ഞ വർഷം നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്.
രൂക്ഷമായ ആരോപണമാണ് സംഭവത്തിൽ പ്രതിപക്ഷം ബിജെപിക്കെതിരെ ഉയർത്തുന്നത്. ടെൻഡറുകൾ നൽകി കമ്മീഷൻ വാങ്ങുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ലോക് സഭാ എംപി സുപ്രിയ സുളെ പ്രതികരിച്ചത്. നിർമ്മാണത്തിലെ ഗുണനിലവാര കുറവാണ് സംഭവത്തിലൂടെ പുറത്ത് വന്നതെന്നും സുപ്രിയ സുളെ വിശദമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു നിർമ്മിതിയെന്നാണ് ശിവ സേനാ നേതാവ് ആദിത്യ താക്കറേ ആരോപിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഷിൻഡേ സർക്കാരിനാണെന്നും ആദിത്യ താക്കറേ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം