ആരോഗ്യവാനെന്ന് സർക്കാരിന്‍റെ റിപ്പോർട്ട്, പക്ഷേ കോടതി വിധി തുണച്ചു; 104ആം വയസ്സിൽ ജയിൽ മോചിതനായി

ആരോഗ്യവാനാണെന്ന് സർക്കാർ റിപ്പോർട്ട് നൽകിയെങ്കിലും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

After 36 Years 104 Year Old Man Released From Jail

കൊൽക്കത്ത: 36 വർഷത്തെ ജയിൽവാസം കഴിഞ്ഞ് 104കാരൻ പുറത്തിറങ്ങി. രസിക്ത് ചന്ദ്ര മൊണ്ടോൾ എന്ന ബംഗാൾ സ്വദേശിയാണ് ജയിൽ മോചിതനായത്. ഇനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും പൂന്തോട്ട പരിപാലനത്തിനുമാണ് താൽപര്യമെന്ന് രസിക്ത് പറഞ്ഞു. 

സ്വത്ത് തർക്കത്തിന്‍റെ പേരിൽ സഹോദരനെ കൊലപ്പെടുത്തിയെന്നാണ് മാൾഡ ജില്ലയിലെ പശ്ചിം നാരായൺപൂർ ഗ്രാമത്തിലെ രസിക്തിനെതിരായ കുറ്റം. 1988ൽ 68ആം വയസ്സിലാണ് അറസ്റ്റിലായത്. 1992ൽ മാൾഡ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവു ശിക്ഷയാണ് വിധിച്ചത്. 

2018ൽ കൽക്കട്ട ഹൈക്കോടതിയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകിയെങ്കിലും അത് തള്ളി. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. അവിടെയും സമാനമായ വിധിയുണ്ടായി. 2020ൽ, 99ാം വയസ്സിൽ പ്രായവും ആരോഗ്യവും ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയിൽ മോചനത്തിനായി അപ്പീൽ നൽകി. ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യവാനാണെന്ന് സർക്കാർ റിപ്പോർട്ട് നൽകിയെങ്കിലും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

പുറത്തിറങ്ങിയ രസിക്ത് തനിക്ക് 108 വയസ്സായെന്നാണ് പറഞ്ഞത്. എന്നാൽ 104 എന്ന് മകൻ തിരുത്തി. ജയിൽ രേഖകളിലും 104 ആണ്. എത്ര വർഷം ജയിലിൽ കഴിഞ്ഞെന്ന് ഓർമയില്ലെന്നും പറഞ്ഞു. ജയിലിലെ നല്ലനടപ്പിനെ തുടർന്നാണ് അച്ഛൻ ജയിൽമോചിതനായതെന്ന് മകൻ പറഞ്ഞു. അച്ഛന്‍റെ മോചനത്തിലേക്ക് നയിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നും മകൻ പറഞ്ഞു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios