Asianet News MalayalamAsianet News Malayalam

മൂന്നാംവട്ടം പ്രധാനമന്ത്രിയായ ശേഷം ആദ്യ മൻ കി ബാത്ത്; അട്ടപ്പാടിയിലെ 'കാർത്തുമ്പി കുടകൾ' പരാമർശിച്ച് മോദി

ഭരണഘടനയോടുള്ള വിശ്വാസം ജനങ്ങൾ കാത്തു സൂക്ഷിച്ചെന്ന് പ്രധാനമന്ത്രി

PM Narendra Modi First Mann Ki Baat In Third Term Mentions Attappadi Karthumbi Umbrella
Author
First Published Jun 30, 2024, 1:53 PM IST

ദില്ലി: മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയോടുള്ള വിശ്വാസം ജനങ്ങൾ കാത്തു സൂക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നത്. ജനങ്ങൾ ജനാധിപത്യത്തിന് ശക്തി നൽകിയെന്നും മോദി പറഞ്ഞു. 

കേരളത്തെയും നരേന്ദ്ര മോദി പരാമർശിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ സംരംഭക രംഗത്തെ വനിതകളുടെ മികവിന്‍റെ മികച്ച ഉദാഹരണം ആണെന്ന് മോദി പറഞ്ഞു. ഈ കുടകൾക്ക് രാജ്യമാകെ ആവശ്യമേറുന്നു. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയിൽ കുട നിർമാണത്തിലൂടെ സ്വയം പര്യാപ്തരായത്.

"കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കുടകൾ അവിടെ പല ആചാരങ്ങളുടെയും പ്രധാന ഭാഗമാണ്. എന്നാൽ ഞാൻ പറയുന്ന കുട 'കാർത്തുമ്പി കുട' ആണ്. അത് കേരളത്തിലെ അട്ടപ്പാടിയിൽ നിർമ്മിച്ചതാണ്. വർണ്ണാഭമായ കുടകൾ നമ്മുടെ കേരളത്തിലെ ഗോത്രവർഗക്കാരായ സഹോദരിമാരാണ് നിർമ്മിക്കുന്നത്. വത്തലക്കി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി നമ്മുടെ സ്ത്രീ ശക്തിയാണ് നയിക്കുന്നത്"- മോദി പറഞ്ഞു. 

സ്ത്രീകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭകത്വത്തിന്‍റെ മികച്ച മാതൃകയാണ് മുന്നോട്ടുവെച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സൊസൈറ്റി ഒരു മുള - കരകൗശല യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റും പരമ്പരാഗത കഫേയും തുറക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. അവരുടെ ലക്ഷ്യം കുടകളും മറ്റ് ഉൽപ്പന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല. അവരുടെ പാരമ്പര്യവും സംസ്കാരവും ലോകത്തിന് പരിചയപ്പെടുത്തുക എന്നത് കൂടിയാണ്. ഇന്ന് കാർത്തുമ്പി കുടകൾ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്ക് എത്തിയിരിക്കുന്നു. 'വോക്കൽ ഫോർ ലോക്കലി'ന് ഇതിലും മികച്ച ഉദാഹരണം മറ്റെന്തുണ്ടെന്നും പ്രധാനമന്ത്രി ചോദിച്ചു.

അമ്മയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ എല്ലാവരും അമ്മയുടെ പേരിൽ ഒരു വൃക്ഷ തൈ നടണമെന്നും മോദി മൻ കീ ബാതിൽ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. മൻ കീ ബാത്തിന്‍റെ 111മത് എപ്പിസോഡ് ആയിരുന്നു ഇന്ന്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios