പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പാര്‍ലമെൻ്റിൽ പ്രതിപക്ഷ ബഹളം: സഭയുടെ മര്യാദയ്ക്ക് ചേർന്നതല്ലെന്ന് സ്പീക്കർ

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു

PM Modi speech at Lok Sabha interrupted after opposition protest over Manipur

ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സ‌ഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിൻ്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെൻ്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മോദിയുടെ പ്രസംഗം 1 മണിക്കൂർ പിന്നിട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. 2 വട്ടം പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയിൽ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. 

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ നിരാശ മനസ്സിലാകും. തെരഞ്ഞെടുപ്പിൽ അവരെ ജനം പരാജയപ്പെടുത്തി. ജനം മതേതരത്വത്തിന് വോട്ടു ചെയ്തു. പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Read more: രാഹുലിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി; പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമെന്ന് അഖിലേഷ് യാദവ്

വികസിത ഭാരതമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് 2014 ന് മുൻപ് ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. അഴമിതിയുടെ വാർത്തകളായിരുന്നു എല്ലായിടത്തും. ഒരു രൂപയിൽ 85 പൈസയും അഴിമതിക്കാർ കൊണ്ടു പോയിരുന്നു. 2014 ന് മുൻപ് രാജ്യത്ത് എവിടെയും ഭീകരാക്രമണം നടക്കും എന്ന അവസ്ഥയായിരുന്നു. രാജ്യത്തിന്റെ പല സ്ഥലങ്ങളും ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. 2014 ന് ശേഷം തീവ്രവാദികളുടെ വീട്ടിൽ കയറി എല്ലാം അവസാനിപ്പിക്കുന്ന സ്ഥിതിയായി. സർജിക്കൽ സ്ട്രൈക്കും, എയർ സ്ട്രൈക്കും നടന്നു. ഭാരതം ഇപ്പോൾ എല്ലാം സാധിച്ചെടുക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരതയ്ക്കും തുടർച്ചയ്ക്കും ജനം വോട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും എൻഡിഎ മികച്ച പ്രകടനം നടത്തി. ഒഡീഷയിൽ ജയിച്ചു. കേരളത്തിൽ അക്കൗണ്ട് തുറന്നു. ആന്ധ്രപ്രദേശ് തൂത്തുവാരി. സിക്കിമിലും അരുണാചൽ പ്രദേശിലും വീണ്ടും എൻഡിഎ അധികാലത്തിലെത്തി. മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇവിടെയെല്ലാം വോട്ട് വിഹിതം കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനം പ്രതിപക്ഷത്ത് വീണ്ടും ഇരുത്തിയെന്ന് മോദി പറഞ്ഞു. ബഹളം വച്ചുകൊണ്ടിരിക്കൂ എന്നാണ് ജനം കോൺഗ്രസിന് നൽകിയ സന്ദേശം. കഴിഞ്ഞ 3 ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് 100 സീറ്റ് പോലും നേടിയില്ല. അഞ്ചു കൊല്ലം ബഹളമുണ്ടാക്കിയിരിക്കാനുള്ള ജനവിധിയാണ് കോൺഗ്രസിന് കിട്ടിയിരിക്കുന്നത്. കോൺഗ്രസ് വിജയിച്ചു എന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നത്. തോറ്റ കുട്ടിയെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസിൽ നടക്കുന്നത്. കോൺഗ്രസിലെ കുട്ടി തോൽവിയുടെ ലോക റെക്കോർഡ് നേടിയിരിക്കുന്നു. നൂറിൽ 99 അല്ല 543ൽ 99 ആണ് കോൺഗ്രസ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.

ഷോലെ സിനിമയിലെ ഡയലോഗ് പറഞ്ഞ് കോൺഗ്രസിനെ പരിഹസിച്ച നരേന്ദ്ര മോദി, ജനവിധി കോൺ​ഗ്രസ് അം​ഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയിച്ചു എന്ന് വ്യാജമായി തോന്നിപ്പിക്കരുത്. ജനവിധി കോൺ​ഗ്രസ് മനസിലാക്കാൻ ശ്രമിക്കണം. കോൺഗ്രസ് 'പരജീവി' പാർട്ടിയായി. സഖ്യകക്ഷികളെ ആശ്രയിച്ച് സീറ്റുകൾ നേടി. ഒറ്റയ്ക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന് വൻ ക്ഷീണം ഉണ്ടായി. കോൺഗ്രസ് രാജ്യത്ത് അരാജകത്വം പടർത്താൻ ശ്രമിക്കുകയാണ്. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും കോൺഗ്രസ് നോക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിൽ കലാപത്തിന് കോൺഗ്രസ് തയ്യാറെടുത്തിരുന്നു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയിൽ കണ്ടു. രാഹുലിന് 'കുട്ടി ബുദ്ധി' യാണ്. രാഹുൽ ഗാന്ധി അഴിമതി കേസിൽ ജാമ്യത്തിലുള്ള നേതാവാണ്. സുപ്രീം കോടതിയിൽ മാപ്പു പറഞ്ഞ നേതാവാണ്. ഒബിസി വിഭാഗത്തെ ആക്ഷേപിച്ചതിന് ശിക്ഷ കിട്ടിയെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വിമര്‍ശിച്ചു. എന്നാൽ പ്രസംഗത്തിനിടെ മണിപ്പൂർ മണിപ്പൂർ, മണിപ്പൂരിന് നീതി വേണം എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗങ്ങൾ മുഴക്കിക്കൊണ്ടേയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios