മരിച്ചവരുടെ ബന്ധുവിന് 2 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50000 ധനസഹായം; രാജസ്ഥാൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
രാജസ്ഥാൻ സര്‍ക്കാറിന്റെ മേൽനോട്ടത്തിൽ പ്രദേശിക ഭരണ സംവിധാനങ്ങൾ അപകടത്തിൽ പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
ദില്ലി: രാജസ്ഥാനിലെ ധോൽപൂരിലുണ്ടായ വാഹനാപകടത്തിൽ 12 പേര്‍ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്കു രണ്ട് ലക്ഷംരൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽ നിന്നു നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജസ്ഥാൻ സര്‍ക്കാറിന്റെ മേൽനോട്ടത്തിൽ പ്രദേശിക ഭരണ സംവിധാനങ്ങൾ അപകടത്തിൽ പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചത്. മരിച്ചവരിൽ എട്ടുപേര്‍ കുട്ടികളായിരുന്നു. ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റിൽ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ 15 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശർമതുരയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചിരുന്നു.
രാത്രി 11 മണിയോടെ ദേശീയപാത 11 ബിയിൽ സുന്നിപൂർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ധോൽപൂരിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് ഓട്ടോ ടെമ്പോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും 10 അപ്പോഴേക്കും മരിച്ചിരുന്നു. ഒരാൾ സംഭവ സ്ഥലത്തും രണ്ടുപേര്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകർന്നു. ബസിന്റെ മുൻഭാഗത്തും കേടുപാടുകളുണ്ട്.