നീറ്റ് വിഷയം പാര്‍ലമെൻ്റിൽ; ചര്‍ച്ച വേണമെന്ന് രാഹുലും ഖര്‍ഗെയും; അനുമതി നിഷേധിച്ചു, ലോക്‌സഭ പിരിഞ്ഞു

വിഷയത്തിൽ പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ടുള്ള ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു

NEET opposition demands for discussion in Parliament rejected protest

ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. എന്നാൽ ഇരു സഭകളിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികൾ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് സഭ വീണ്ടും സമ്മേളിച്ചെങ്കിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ലോക്സഭ ഒന്നാം തീയ്യതി വരെ പിരിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നുണ്ട്. 

ലോക്സ‌ഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുമാണ് ചര്‍ച്ച ആവശ്യപ്പെട്ട്. വിഷയത്തിൽ പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ടുള്ള ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷവും ഭരണപക്ഷവും ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നൽകാനാവില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

നീറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയിലും പ്രതിപക്ഷം നിലപാടെടുത്തു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ രാജ്യസഭ നിര്‍ത്തിവെക്കുകയായിരുന്നു.

അതിനിടെ നീറ്റ് പരീക്ഷയിൽ അഴിമതി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രംഗത്തെത്തി. പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ട ​ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിക്ക് ആവർത്തിച്ച് പരീക്ഷ നടത്തിപ്പ് കരാർ നൽകിയെന്നും ഉത്തർ പ്രദേശ്, ബിഹാർ സർക്കാറുകൾ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ മോദി സർക്കാർ 80 കോടിയുടെ കരാർ കഴിഞ്ഞ ഒക്ടോബർ വരെ നൽകിയെന്നും ഈ കമ്പനി ബിജെപിയെ പിന്തുണക്കുന്നത് കൊണ്ടാണ് കരാർ ലഭിച്ചതെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios