Asianet News MalayalamAsianet News Malayalam

'നീറ്റ്' വിഷയത്തിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം, പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിക്കും

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം

NEET exam row Rahul Gandhi and INDIA bloc to raise issue in Parliament on June 28 
Author
First Published Jun 27, 2024, 8:05 PM IST

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷ തീരുമാനം. നാളെ പാർലമെന്‍റിൽ വിഷയം ഉന്നയിക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും വിഷയം ലോക്സഭയിൽ ഉന്നയിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തിൽ പാർട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തിൽ പാർലമെന്‍റിലടക്കം ആഞ്ഞടിക്കാൻ യോഗം തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ട് നാളെ സഭയിൽ നോട്ടീസ് നൽകുകയും ചെയ്യും.

അതേസമയം ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്ന് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെ കാര്യമായ തോതിൽ സംഘർഷമുണ്ടായി. പൊലീസ് സ്ഥാപിച്ചബാരിക്കേഡുകൾ മാറ്റി പ്രതിഷേധത്തിന് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവർക്ക് പരിക്കേറ്റു. എൻ ടി എ ആസ്ഥാനത്തേക്ക് എൻ എസ് യു ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിലാണ് കലാശിച്ചത്. ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

അതിനിടെ കേസിൽ ഇടനിലക്കാർക്ക് സഹായം നൽകിയതിന് രണ്ട് പേരെ സി ബി ഐ അറസ്റ്റ് ചെയ്തു. പാട്നയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയിലെ ഒ എം ആർ ഷീറ്റുകളെ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്ന് എൻ ടി എയുടെ മറുപടി തേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും സ്വകാര്യ കോച്ചിംഗ് സെന്റുകളും സമർപ്പിച്ച ഹർജിയിലാണ് നടപടി.

ജൂലൈ 1 മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും, ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ നടപടിയെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios