വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈറലായി ആ ട്വീറ്റ്; കാരണം ഇതാണ്
ചന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ തീവ്രശ്രമം തുടരുന്നതിന് ഇടയില്‍ വൈറലായി നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ ട്വീറ്റ്.
ദില്ലി: ചന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ തീവ്രശ്രമം തുടരുന്നതിന് ഇടയില്‍ വൈറലായി നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ ട്വീറ്റ്. 'സിഗ്നലുകള്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ടി വരില്ല. ഒന്ന് പ്രതികരിക്കൂ വിക്രം' എന്നാണ് ട്വീറ്റ്.
എന്നാല്‍ ഇത് നിങ്ങളുടെ പരിധിയില്‍ അല്ലെന്നും ബെംഗലുരു സിറ്റി പൊലീലിന്‍റെ അധികാര പരിധിയിലാണെന്നും നാഗ്പൂര്‍ പൊലീസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ട്വീറ്റിനുള്ള ചിലരുടെ പ്രതികരണം. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് നിങ്ങളുടെ ട്വീറ്റിന് വിക്രം മറുപടി നല്‍കാത്തതെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. പൊലീസുകാരുടെ ഹാസ്യബോധത്തിനും വ്യാപക പ്രശംസയാണ്
ചന്ദ്രയാന്‍ 2ന്‍റെ അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത്. വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല.