'40 വര്‍ഷം ഞങ്ങളുടെ ബാപ്പുവിന്‍റെ സുഹൃത്ത്'; ബ്രാഹ്മണ വൃദ്ധന്‍ മരിച്ചപ്പോള്‍ മുസ്ലിം സഹോദരങ്ങള്‍ ചെയ്തത്

ഭാനു ശങ്കറിന്‍റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കള്‍ പ്രദേശത്തെ മതനേതൃത്വത്തെ അറിയിച്ചു.

Muslim brothers participate brahmin uncle's cremation

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് മതസൗഹാര്‍ദ്ദത്തിന്‍റെ സന്ദേശവുമായി ഒരു വാര്‍ത്ത. 40 വര്‍ഷം പിതാവിന്‍റെ സുഹൃത്തായ ബ്രാഹ്മണ വയോധികന്‍റെ മരണാന്തര ചടങ്ങ് നടത്തിയതും ശവമഞ്ചം ചുമന്നതും മൂന്ന് മുസ്ലിം യുവാക്കള്‍. അമ്രേലി ജില്ലയിലെ സവര്‍കുണ്ട്ല സ്വദേശിയായ ഭാനുശങ്കര്‍ പാണ്ഡ്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അവിവാഹിതനായ ഭാനുശങ്കര്‍ വര്‍ഷങ്ങളായി ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. 

ഭിക്കു ഖുറേഷിയും ഭാനുശങ്കര്‍ പാണ്ഡ്യയും 40 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കടുത്ത മതവിശ്വാസികളും. മൂന്ന് വര്‍ഷം മുമ്പാണ് ഭിക്കു ഖുറേഷി മരിച്ചത്. അദ്ദേഹത്തിന്‍റെ മരണം ഭാനുശങ്കറെ മാനസികമായി തളര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷം ഭാനുശങ്കറും മരിച്ചു. ഭാനു ശങ്കറിന്‍റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കള്‍ പ്രദേശത്തെ മതനേതൃത്വത്തെ അറിയിച്ചു.

ഇതിനായി ഗംഗാ ജലം കൊണ്ടുവന്നിട്ടുണ്ടെന്നും തങ്ങള്‍ ജനനം മുതല്‍ അങ്കിള്‍ എന്നു വിളിക്കുന്ന ആളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു മൂന്ന് പേരുടെയും ആഗ്രഹം. ഇവരുടെ ആഗ്രഹത്തിന് ആരും എതിരുനിന്നില്ല. തുടര്‍ന്ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങില്‍ മക്കളായ അബു ഖുറേഷി, നസീര്‍ ഖുറേഷി, സുബേര്‍ ഖുറേഷി എന്നിവരും പങ്കെടുത്തു. ഹിന്ദു മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഭാനുശങ്കറിന്‍റെ മൃതദേഹം ചുമന്നതും ഇവര്‍ തന്നെ. കൂലിപ്പണിക്കാരായ മൂന്ന് പേരും ഇസ്ലാം മതാചാര പ്രകാരമാണ് ജീവിക്കുന്നത്. എന്നാല്‍, സ്നേഹത്തിന് പിന്നിലാണ് എല്ലാ വിശ്വാസവുമെന്ന് മൂന്ന് പേരും പറയുന്നു.

40 വര്‍ഷമായി അവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എപ്പോഴും ഒരുമിച്ചായിരുന്നു ജീവിതം. എല്ലാ ആഘോഷത്തിലും അവര്‍ ഒരുമിച്ചുണ്ടാകും. അങ്കിള്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ഭാനു അങ്കിളിന് കുടുംബമുണ്ടായിരുന്നില്ല. തനിച്ചായിരുന്നു താമസം. ഒടുവില്‍ കാലിന് പരിക്കേറ്റപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പിന്നീട് ഞങ്ങളുടെ കുടുംബാംഗമായി. ഞങ്ങളുടെ കുട്ടികള്‍ ദാദ എന്നാണ് അങ്കിളിനെ വിളിക്കുക. ഞങ്ങളുടെ മതപരമായ എല്ലാ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.  അദ്ദേഹത്തിനായി ബാപ്പു സസ്യാഹാരം ഒരുക്കുമെന്നും അബു പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios