യുപിയിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. സംഭവത്തിൽ സദ്ദാം(23) എന്നയാൾ അറസ്റ്റിലായി
ദില്ലി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ സദ്ദാം(23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപമുളള കരിമ്പ് തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ അയൽവാസിയായ സദ്ദാം കരിമ്പ് തോട്ടത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇത് പെൺകുട്ടി ചെറുത്തത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം ഇന്നലെ പത്തനംതിട്ടയിൽ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് ആന്റ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കേസിലെ അതിജീവിതയുടെ മൂത്ത സഹോദരിയെ പീഡിപ്പിച്ചെന്ന കേസിലും വിനോദ് പ്രതിയാണ്. ഈ കേസില്‍ ഇതേ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.
വിനോദ് മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ 2021 ഡിസംബർ 18 ന് രാത്രിയിലാണ് കുറ്റകൃത്യം നടന്നത്. പീഡനത്തിനിരയായ മൂത്ത കുട്ടിയാണ് അമ്മയോട് പീഡന വിവരം പറഞ്ഞത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കുമ്പോഴായിരുന്നു ഇത്. കളളം പറയരുതെന്ന സന്ദേശമാണ് ഗാന്ധിജി ജീവിതം കൊണ്ട് നല്‍കുന്നതെന്ന് പറഞ്ഞ അമ്മയോട് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി വെളിപ്പെടുത്തുകയായിരുന്നു.
മൂത്ത കുട്ടി ദൃക്‌സാക്ഷിയായ കേസിൽ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. അഞ്ച് വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഓരോ വകുപ്പ് പ്രകാരവുമാണ് 100 വർഷം തടവ് ശിക്ഷ പ്രഖ്യാപിച്ചത്. എന്നാൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസാണ് അടൂർ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത്. ഇളയ കുട്ടിയെയും പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായപ്പോൾ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം. വീഴ്ച വരുത്തിയാല്‍ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. വിനോദിന്റെ അടുത്ത ബന്ധു രാജമ്മ കേസിൽ രണ്ടാം പ്രതിയായിരുന്നു. എന്നാൽ ഇവരെ കോടതി താക്കീത് നൽകി വിട്ടയച്ചു. മുൻപ് അടൂർ സിഐയായിരുന്ന ടിഡി പ്രജീഷാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.