ബാബാ രാംദേവിന്‍റെ 'കൊറോണിൽ' വേണ്ട, പരസ്യവും വിൽപ്പനയും മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് മന്ത്രി

'ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയാൽ അനുവദിക്കൂ'

maharashtra minister against ramdevs coronil medicine

മുംബൈ: കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവ് പുറത്തിറക്കിയ 'കൊറോണിൽ' എന്ന ആയുർവേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പരസ്യവും വിൽപ്പനയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയാൽ അനുവദിക്കൂ. നേരത്തെ രാജസ്ഥാൻ സർക്കാറും സമാന നിലപാടെടുത്തിരുന്നു. ഐസിഎം ആറിന്റെ അനുമതി കിട്ടിയാൽ മാത്രമേ വിൽപന അനുവദിക്കൂ എന്നാണ് ആരോഗ്യ മന്ത്രി രഘു ശർമ്മ പ്രതികരിച്ചത്. 

കൊവിഡ് രോഗം ഭേദമാക്കാൻ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നൽകിയ യോഗ അധ്യാപകൻ രാംദേവിന്‍റെ പതഞ്ജലി ആയുർവേദയോട് നേരത്തെ കേന്ദ്രസർക്കാർ വിശദീകരണം തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് 'ദിവ്യകൊറോണ' എന്ന ഒരു പാക്കേജ് പതഞ്ജലി ആയുർവേദ പുറത്തിറക്കിയത്.

''കൊറോണിൽ'', ''ശ്വാസരി'' എന്നീ രണ്ട് മരുന്നുകളാണ് പ‍തഞ്ജലി പുറത്തുവിട്ടത്. 280 രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില. 

പതഞ്ജലിയുടെ 'കൊവിഡ് മരുന്ന്'; ലൈസന്‍സ് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരും കൈ മലര്‍ത്തി

അതേ സമയം മരുന്നിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ​ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നൽകണമെന്ന് ആയുഷ് മന്ത്രാലയവും പതജ്ഞലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios