കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മെഥനോൾ ആന്ധ്രയിൽ നിന്ന്, പഴകിയ മെഥനോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയെന്ന് സിബിസിഐഡി
കള്ളക്കുറിച്ചിയിലെ കൊച്ചുകുട്ടികൾക്ക് വരെ പാക്കറ്റിലെത്തുന്ന വ്യാജചാരായത്തിന്‍റെ വിലയും അത് വരുന്ന വഴിയുമറിയാമെന്ന് പല പ്രാദേശികമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തിൽ ഉപയോഗിച്ച മെഥനോൾ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളിൽ നിന്നാണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തൽ.
ബെംഗളൂരു: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിനിടയാക്കിയ മെഥനോൾ എത്തിച്ചത് ആന്ധ്രയിൽ നിന്ന് പുതുച്ചേരി വഴിയെന്ന് കണ്ടെത്തി സിബിസിഐഡി സംഘം. ദുരന്തത്തിൽ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സർക്കാർ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും സർക്കാർ എന്ത് നടപടിയാണെടുത്തതെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
കള്ളക്കുറിച്ചിയിലെ കൊച്ചുകുട്ടികൾക്ക് വരെ പാക്കറ്റിലെത്തുന്ന വ്യാജചാരായത്തിന്‍റെ വിലയും അത് വരുന്ന വഴിയുമറിയാമെന്ന് പല പ്രാദേശികമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തിൽ ഉപയോഗിച്ച മെഥനോൾ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളിൽ നിന്നാണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തൽ. പഴകിയ മെഥനോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി പുതുച്ചേരിയിൽ എത്തിച്ചത് അറസ്റ്റിലായ മാധേഷാണ്. ജൂൺ 17-നാണ് മാതേഷ് മെഥനോൾ തമിഴ്നാട്ടിലെ ഇടനിലക്കാരനായ ചിന്നദുരൈയ്ക്ക് വിറ്റത്. ഇയാളിൽ നിന്നാണ് മദ്യം വിതരണം ചെയ്ത ഗോവിന്ദരാജ് മെഥനോൾ 60 ലിറ്ററിന്‍റെ നാല് വീപ്പയും മുപ്പത് ലിറ്ററിന്‍റെ മൂന്ന് വീപ്പയും 100 ചെറുപാക്കറ്റുകളും വാങ്ങിയത്. ഒരു പാക്കറ്റ് പൊട്ടിച്ച് രുചിച്ച് നോക്കിയ സഹോദരൻ ദാമോദരൻ ഇത് കേടായതാണെന്ന സംശയം പറഞ്ഞെങ്കിലും ഗോവിന്ദരാജ് അത് കണക്കിലെടുത്തില്ല. ആന്ധ്രയിൽ നിന്ന് പുതുച്ചേരി വരെയും പുതുച്ചേരിയിൽ നിന്ന് തമിഴ്നാട്ടിലേക്കും പല ചെക്ക്പോസ്റ്റുകൾ ചെക്കിംഗില്ലാതെ എങ്ങനെ ഇത്രയധികം മെഥനോൾ കടത്തിയെന്നതും സിബിസിഐഡി അന്വേഷിക്കുകയാണ്.
രാഷ്ട്രീയസമ്മർദ്ദം കടുത്തതോടെ ദുരന്തത്തിൽ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തന്‍റെ അമ്പതാം പിറന്നാളാഘോഷങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാൻ കർശന നിയമം വേണമെന്ന് സൂപ്പർ താരം സൂര്യയും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8