'നുണ, നുണ, നുണ', രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങളില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ രാഹുൽ

ദില്ലിയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇന്ത്യയിൽ എവിടെയും പൗരത്വ നിയമഭേദഗതി വഴി പൗരത്വമില്ലാതെ പുറത്താകുന്നവർക്ക് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാൽ ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച ഉത്തരവുകളടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.

jhoot jhoot jhoot Rahul Gandhi On PM Modi's No Detention Centres Claim

ദില്ലി: പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചനുണയെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. 

''ആർഎസ്എസ്സിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണ പറയുകയാണ്'', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അസമിൽ പണി തീർന്ന് വരുന്ന തടങ്കൽകേന്ദ്രത്തിന്‍റെ ദൃശ്യങ്ങളോടെയുള്ള ബിബിസിയുടെ റിപ്പോർട്ട് അടക്കം ചേർത്തായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'നുണ, നുണ, നുണ' എന്ന ഹാഷ്‍ടാഗിലാണ് ട്വീറ്റ്.

ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. 'അർബൻ നക്സലുകളായ' ചില പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും ചേർന്നാണ് ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളുണ്ടെന്ന അപവാദ പ്രചാരണം നടത്തുന്നത്. എന്നാൽ ഈ രാജ്യത്തെ മുസ്ലിങ്ങളാരെയും ഈ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ല. മാത്രമല്ല, ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളുമില്ല. അത്തരത്തിൽ ഒരു നീക്കങ്ങളും നടത്തിയിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങളെല്ലാം ഇന്ത്യയുടെ മക്കളാണ്. അവർ ആശങ്കപ്പെടേണ്ട കാര്യമേയില്ല'', എന്നാണ് രാംലീലാ മൈതാനിയിൽ നടത്തിയ പ്രസംഗത്തിൽ മോദി അവകാശപ്പെട്ടത്. 

അതോടൊപ്പം ''130 കോടി ഇന്ത്യക്കാരോട് ഞാനിതാ പറയുന്നു. 2014 മുതൽ ഇതുവരെ രാജ്യത്ത് ദേശവ്യാപകമായി എൻആർസി കൊണ്ടുവരുമെന്ന തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. സുപ്രീംകോടതിയുടെ വിധിപ്രകാരം മാത്രമാണ് അസമിൽ പൗരത്വ റജിസ്റ്റർ ഏർപ്പെടുത്തിയത്'', എന്നും മോദി പറഞ്ഞിരുന്നു. 

എന്നാൽ മോദിയുടെയും അമിത് ഷായുടെയും തന്നെ പഴയ പ്രസംഗങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കുന്നത് സംബന്ധിച്ച് അയച്ച സർക്കുലറുകളും അടക്കം വിശദമായ മറുപടികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പറയുന്നത് നുണയാണെന്നും പ്രതിപക്ഷം വിമർശിച്ചിരുന്നതാണ്.

എന്നാൽ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ മോദി പറഞ്ഞത് ശരിയാണെന്നും ദേശവ്യാപകമായി എൻആർസി നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ചു. എന്നാൽ ദേശവ്യാപകമായി എൻആർസി നടത്തില്ലെന്ന പ്രഖ്യാപനം അമിത് ഷാ നടത്തുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. 

രാജ്യത്ത് മതത്തിന്‍റെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന, ആദ്യ നിയമഭേദഗതിയായിരുന്നു പൗരത്വ നിയമത്തിലേത്. അതിനാൽത്തന്നെ വൻ പ്രക്ഷോഭങ്ങളാണ് നിയമഭേദഗതിക്ക് എതിരെ അരങ്ങേറുന്നത്. എന്നാൽ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിന്‍റെ പേരിൽ വിവേചനം നേരിടുന്ന മുസ്ലിം ഇതര പൗരൻമാർക്ക് സഹായം നൽകുന്ന നിയമഭേദഗതിയാണ് ഇതെന്നും, ഇതിൽ മതവിവേചനമില്ലെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ രാജ്യാതിർത്തിയ്ക്ക് അകത്തുള്ള എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണിതെന്ന് സമരത്തിനിറങ്ങിയ മനുഷ്യാവകാശപ്രവർത്തകരും, വിദ്യാർത്ഥികളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios