'ലൊറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫി'ന് അംഗീകാരം, ഉപമന്യു ചാറ്റര്‍ജിക്ക് ജെസിബി സാഹിത്യ പുരസ്‌കാരം
25 ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് ജെ സി ബി പുരസ്‌കാരം
ദില്ലി: 2024 ലെ ജെ സി ബി സാഹിത്യ പുരസ്‌കാരം പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഉപമന്യു ചാറ്റര്‍ജിക്ക്. 'ലൊറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫ്' എന്ന നോവലിനാണ് പുരസ്‌കാരം. സ്പീക്കിങ്ങ് ടൈഗര്‍ ബുക്സാണ് പ്രസാധകര്‍. 25 ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് ജെ സി ബി പുരസ്‌കാരം. ബല്ലഭ്ഗഢിലെ ജെ സി ബി ഇന്ത്യ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജെ സി ബി ഇന്ത്യ സി ഇ ഒ ദീപക് ഷെട്ടി ഉപമന്യു ചാറ്റര്‍ജിക്ക് പുരസ്‌കാരം സമ്മാനിച്ചു.
മലയാളി എഴുത്തുകാരി സന്ധ്യ മേരി എഴുതി ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത മരിയ ജസ്റ്റ് മരിയ, ബംഗാളി എഴുത്തുകാരന്‍ സക്യജിത്ത് ഭട്ടാചാര്യയുടെ ദി വണ്‍ ലെഗ്ഡ്, സഹാരി നുസൈബ കനനാരിയുടെ ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്റ് എ ഹാഫ്, മറാത്തിയില്‍നിന്നുള്ള പ്രമുഖ ദലിത് സാഹിത്യകാരന്‍ ശരണ്‍ കുമാര്‍ ലിംബാലെയുടെ സനാതന്‍ എന്നീ നാല് പുസ്തകങ്ങളാണ് 'ലൊറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫ്' എന്ന നോവലിനു പുറമേ അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.
വിനയ ചൈതന്യയ്ക്ക് കന്നട ഭാഷാ പുരസ്കാരം
ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള യാത്രയാണ് പുരസ്‌കാരം നേടിയ പുസ്തകമെന്ന് ജൂറി അംഗമായ ജെറി പിന്റൊ പറഞ്ഞു. അതിസൂക്ഷ്മ ഗവേഷണം വെളിവാക്കുന്ന ഈ കൃതി അതിന്റെ ലോകത്തേക്ക് വായനക്കാരെ വലിച്ചടുപ്പിക്കുന്നതായി മറ്റൊരു ജൂറി അംഗമായ ദീപ്തി ശശിധരന്‍ അഭിപ്രായപ്പെട്ടു. മഹാന്മാരായ എഴുത്തുകാരുടെ മഹത്തായ പുസ്തകങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന പുസ്തകമാണിതെന്ന് ജൂറി അംഗങ്ങളായ തൃദീപ് സുഹൃദും നോവലിന്റെ മുഖ്യഭാഗം ദാര്‍ശനികവും സാഹിത്യപരവുമായ പാറിപ്പറക്കലുകളുടേതാണെന്ന് അക്വി താമിയും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം