ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജം; വിശദീകരിച്ച് ഐആർസിടിസി
റെയിൽവേ ബോർഡ് ഗൈഡ്ലൈനുസരിച്ച് ആരുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഐആർസിടിസി അറിയിച്ചു.
ദില്ലി: രജിസ്റ്റർ ചെയ്ത ഐഡിയിൽനിന്ന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് യൂസറിനും കുടുംബാംഗങ്ങൾക്കും മാത്രമാക്കി നിയന്ത്രിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഐആർസിടിസി. അത്തരത്തിൽ ഒരു നടപടി റെയിൽവേയെ ഐആർസിടിസിയോ സ്വീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വാർത്താകുറിപ്പിലൂടെ അറിയിച്ചു.
റെയിൽവേ ബോർഡ് ഗൈഡ്ലൈനുസരിച്ച് ആരുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഐആർസിടിസി അറിയിച്ചു. സാധാരണയായി ഒരു ഐഡിയിൽ നിന്ന് പ്രതിമാസം 12 ടിക്കറ്റ് ബുക്ക് ചെയ്യാം. ആധാർ സ്ഥിരീകരിച്ച യൂസറിന് 24 ടിക്കറ്റുകളും മാസത്തിൽ ബുക്ക് ചെയ്യാം.
എന്നാൽ, ഓൺലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നത് കുറ്റകരമാണെന്നും കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിന് രജിസ്റ്റർ ചെയ്ത യൂസർക്കോ കുടുംബങ്ങൾക്കോ മാത്രമേ സാധിക്കൂവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.