പങ്കാളിയുടെ മൊബൈൽ പരിശോധിക്കുന്നവർ അറിയുക, കോൾ ഹിസ്റ്ററി തെളിവ് നൽകിയ ഭർത്താവിനോട് മദ്രാസ് ഹൈക്കോടതി പറഞ്ഞത്!
പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി സ്വന്തമാക്കിയ തെളിവുകൾ സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു
ചെന്നൈ: വിവാഹ മോചനത്തിനായി വിവിധ തരം തെളിവുകൾ പങ്കാളികൾ പലപ്പോഴും ശേഖരിക്കാറുണ്ട്. മൊബൈൽ പരിശോധിച്ചും കോൾ ഹിസ്റ്ററി തപ്പിയെടുത്തുമുള്ള തെളിവുകൾ വരെ കോടതിക്ക് മുന്നിൽ ഹാജരാക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പങ്കാളിയുടെ ഹർജിയിൽ ഇന്ന് മദ്രാസ് ഹൈക്കോടതി നടത്തിയ സുപ്രധാന നിരീക്ഷണം വലിയ ചർച്ചയാകുകയാണ്. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള 'തെളിവ്' ശേഖരിക്കൽ മൗലികാവകാശ ലംഘനമാണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്.
വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവ് കാട്ടിയ ഭർത്താവിനോടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന ഓർമ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി സ്വന്തമാക്കിയ തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ആലപ്പുഴയിൽ അതീവ ജാഗ്രത; 'രാത്രി മുഖം മറച്ച് അര്‍ധ നഗ്നരായി എത്തും', സിസിടിവിയിൽ കണ്ടത് 'കുറുവ' സംഘത്തെ?
ഒരാൾ തന്‍റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഭാര്യയുടെ കോൾ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭർത്താവ് രഹസ്യമായി ശേഖരിച്ചുവെന്നും, ഇത് ഭാര്യയുടെ സ്വകാര്യത ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ആരോപിക്കുമ്പോൾ, ആധികാരിക മാർഗങ്ങളിലൂടെ അത് തെളിയിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
'ദാമ്പത്യബന്ധത്തിൽ പങ്കാളിയെ ഇത്തരത്തിൽ ഒളിഞ്ഞ് നോക്കുന്നത് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. മൗലികാവകാശമെന്ന നിലയിൽ സ്വകാര്യതയിൽ ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യതയും ഉൾപ്പെടുന്നു. ഈ അവകാശം ലംഘിച്ച് ലഭിച്ച തെളിവുകൾ അസ്വീകാര്യമാണ്' - ഇപ്രകാരമായിരുന്നു കോടതിയുടെ നിരീക്ഷണം. വിശ്വാസമാണ് ദാമ്പത്യ ബന്ധങ്ങളുടെ അടിത്തറയെന്നും പങ്കാളികൾക്ക് പരസ്പര വിശ്വാസവും വിശ്വാസവും ഉണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും അവരുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അവർക്ക് അർഹതയുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം