കാർ ഓട്ടോയിലിടിച്ചു, ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് പൊലീസുകാരനെ പൊതിരെ തല്ലി ആൾക്കൂട്ടം -വീഡിയോ
ഇയാൾ യൂണിഫോം ധരിച്ചിട്ടുണ്ടായിരുന്നില്ല. താൻ പൊലീസുകാരനാണെന്നും കുടുംബത്തിന് മുന്നിലിട്ട് മർദ്ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആളുകൾ കൂട്ടാക്കിയില്ല.
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ പൊലീസുകാരന് ആൾക്കൂട്ട മർദ്ദനമേറ്റു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മർദ്ദനമേറ്റത്. പൊലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. തുടർന്ന് തടിച്ചുകൂടിയ ആളുകൾ പൊലീസുകാരനെ പൊതിരെ തല്ലി. ഭാര്യയും മക്കളും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഈ സമയം ഇയാൾ യൂണിഫോം ധരിച്ചിട്ടുണ്ടായിരുന്നില്ല. താൻ പൊലീസുകാരനാണെന്നും കുടുംബത്തിന് മുന്നിലിട്ട് മർദ്ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആളുകൾ കൂട്ടാക്കിയില്ല.
വടിയടക്കം ഉപയോഗിച്ചാണ് മർദ്ദനം. പൊലീസുകാരൻ തിരിച്ചടിക്കാനും ശ്രമിക്കുന്നുണ്ട്. സമീപത്തെ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ കൂടുതൽ പൊലീസെത്തിയാണ് രക്ഷിച്ചത്. രാജാതലാബ് സ്റ്റേഷനിലെ എസ്എച്ച്ഒയായ അജിത് വെർമ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി. അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.