വീടും കാറുമില്ല, ജീവിതം ജനങ്ങൾക്കിടയിൽ; ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി മഹാരാഷ്ട്രയിലെ ഏക സിപിഎം എംൽഎ
ദഹാനുവിൽ, വർഷങ്ങളായി പാർട്ടിയും ആദിവാസി വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എൻജിഒയായ എഐകെഎസും കഷ്ടകാരി സംഘടനയും പോലുള്ള അനുബന്ധ സംഘടനകളും താഴേത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളാണ് സിപിഎമ്മിൻ്റെ അടിത്തറ.
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ സിപിഎമ്മിൻ്റെ ഏക എംഎൽഎയായി വിനോദ് ഭിവ നിക്കോലെ. പട്ടികവർഗ സംവരണ മണ്ഡലമായ ദഹാനുവിലാണ് തുടർച്ചയായ രണ്ടാം തവണയും വിനോദ് ജയിച്ച് കയറിയത്. 2019ൽ 4231 വോട്ടിനാണ് ജയിച്ചതെങ്കിൽ ഇക്കുറി ഭൂരിപക്ഷം 104702 വോട്ടായി വർധിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഏറ്റവും ദരിദ്രനായ സ്ഥാനാർഥിയായിരുന്നു വിനോദ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം വീടോ കാറോ ഇല്ല. കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി താനെന്നും അവരുടെ കൂടെയുണ്ടാകുമെന്നായിരുന്നു വിനോദ് വോട്ടർമാർക്ക് നൽകിയ ഉറപ്പ്. വിനോദിന്റെ വാക്കുകളെ വിശ്വസിച്ച ജനം രണ്ടാമതും അദ്ദേഹത്തെ നിയമസഭയിലയച്ചു.
''ഇവിടെയുള്ള പലരും സിപിഐ എമ്മിൻ്റെ സ്ഥാനാർത്ഥിയായി എനിക്ക് വോട്ട് ചെയ്യുമെന്ന് എനിക്കറിയാം. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലാത്തവരും എനിക്ക് വോട്ട് ചെയ്യും. ഞാൻ ഒരു വ്യക്തി എന്ന നിലയിൽ. ഈ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഞാൻ എല്ലാവർക്കും ലഭ്യമായിരുന്നു.വൈദ്യുതി, വെള്ളം, റേഷൻ, ആരോഗ്യ സംരക്ഷണം, സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് സമരം തുടരുന്നത്''- പ്രചാരണത്തിനിടെ വിനോദ് പറഞ്ഞ വാക്കുകളാണിത്.
ദഹാനുവിലെ ഗ്രാമങ്ങളിലെ ചെറിയ പൊതുയോഗങ്ങളിലൂടെയായിരുന്നു പ്രചാരണം. സിപിഐ എം പൊളിറ്റ്ബ്യൂറോ നേതാക്കളായ ബൃന്ദ കാരാട്ടും അഖിലേന്ത്യാ കിസാൻ സഭയുടെ (എഐകെഎസ്) അധ്യക്ഷൻ കൂടിയായ അശോക് ധവാലെയും പ്രചാരണം നടത്തിയിരുന്നു. നാസിക് ജില്ലയിലെ കൽവാൻ, സോലാപൂർ സിറ്റി സെൻട്രൽ എന്നിവിടങ്ങളിൽ ഇക്കുറി സിപിഎം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Read More... 'ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും, വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്'
ദഹാനുവിൽ, വർഷങ്ങളായി പാർട്ടിയും ആദിവാസി വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എൻജിഒയായ എഐകെഎസും കഷ്ടകാരി സംഘടനയും പോലുള്ള അനുബന്ധ സംഘടനകളും താഴേത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളാണ് സിപിഎമ്മിൻ്റെ അടിത്തറ. 1975-ലെ വാർലി ഗോത്രവർഗ കലാപത്തിൽ എഐകെഎസ് അതിൻ്റെ നേതാക്കളായ ശ്യാംറാവു പരുലേക്കർ, ഗോദാവരി പരുലേക്കർ എന്നിവരിലൂടെ വഹിച്ച പങ്ക് ഇടതുപക്ഷത്തിന് അടിത്തറ പാകാൻ സഹായിച്ചു.
Read More... യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ
ചരിത്രപരമായി കോൺഗ്രസിന് ആധിപത്യമുള്ളസീറ്റിൽ, സിപിഎം നാലാമത്തെ തവണയാണ് വിജയിക്കുന്നത്. ബിജെപിയുടെ വിനോദ് മേധയായിരുന്നു എതിരാളി. മുംബൈയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിർത്തിയോട് അടുത്താണ് കിടക്കുന്നത്. തലസാരി തഹസിൽ ഉൾപ്പെടെ ആദിവാസി ആധിപത്യ മേഖലകളിൽ സിപിഎമ്മിന് കൂടുതൽ പിന്തുണയുണ്ട്.