രാഹുലിന്‍റെ 'പ്യാർ കി ജാപ്പി', എ ഐ ക്യാമറയും കോണ്‍ഗ്രസിലെ ഗ്രൂപ്പും, രാജസ്ഥാൻ ജയിലിലെ 'യൂണിഫോം' ഇട്ട കള്ളൻ
സർക്കാരിനെതിരെ ആഞ്ഞടിക്കാൻ മൂർച്ചയുള്ള ആയുധം കിട്ടിയെങ്കിലും യുഡിഎഫിലെ ഗ്രൂപ്പ് പോര് ആക്രമണത്തിന്‍റെ മുനയൊടിക്കുകയാണ്. ഒന്നിച്ച് നിന്ന് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമുണ്ടായിട്ടും ഒറ്റയ്ക്ക് നേട്ടം കൊയ്യാനാണ് നേതാക്കളുടെ ശ്രമം.
സിദ്ധരാമയ്യയെ അലിയിച്ച രാഹുലിന്‍റെ 'പ്യാർ കി ജാപ്പി'
'മുന്നാഭായ് എംബിബിഎസ്' സിനിമയിലൂടെ വൈറലായതാണ് 'പ്യാർ കി ജാപ്പി' എന്ന പ്രയോഗം. ദേഷ്യമുള്ള മനുഷ്യരുടെ ഉള്ളിലേക്ക് കടക്കാനുള്ള പാസ് വേഡായിരുന്നു പ്യാർകി ജാപ്പി, അഥവാ സ്നേഹാലിംഗനം. കർണാടക തെരഞ്ഞെടുപ്പില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യ തന്‍റെ 'കോലാർ' സ്വപ്നത്തെ മായ്ച്ചുകളായാൻ കാരണം രാഹുല്‍ ഗാന്ധിയുടെ 'പ്യാർ കി ജാപ്പി' ആണെന്നാണ് വിലയിരുത്തൽ. കോലാർ മണ്ഡലം തനിക്ക് വേണെമെന്ന പിടിവാശിയില്‍ നിന്നും സിദ്ധരാമയ്യ വരുണ മണ്ഡലത്തിലേക്ക് ഒതുങ്ങിയതിന് പിന്നിൽ രാഹുലിന്‍റെ മാജിക് ആണെന്നാണ് പറയപ്പെടുന്നത്.
ഇക്കാര്യം സംബന്ധിച്ച് സിദ്ധരാമ്മയ തുറന്ന പ്രതികരണത്തിന് തയ്യാറായിട്ടില്ല. 'ഒരു കുട്ടി, പുഞ്ചിരിയോടെ തന്നെ കെട്ടിപ്പിടിച്ച് കോലാർ വിട്ടുകളയൂ' എന്ന് അഭ്യർത്ഥിച്ചതായി സിദ്ധരാമയ്യ അടുത്ത അനുയായികളോട് പറഞ്ഞതായാണ് വിവരം. രാഹുലിന്‍റെ സ്നേഹാലിംഗനത്തോടെ സിദ്ധരാമയ്യയെ വരുണയിൽ ഒതുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. പാർലമെന്‍റിൽ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ രാഹുൽ ഗാന്ധി ഭരണപക്ഷ ബഞ്ചിനടുത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും ഇതുപോലെ ഒരു മാജിക് ആണെന്നാണ് അണികള്‍ പറയുന്നത്.
മങ്ങലേറ്റ എ ഐ ക്യാമറകളും, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും
കേരളത്തിലെ റോഡുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായുള്ള പ്രതിപക്ഷ ആരോപണം ഇടത് സർക്കാരിന് തീരാ തലവേദനയാകുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വാദങ്ങള്‍ സാധാരണക്കാരന്‍രെ ബുദ്ധിയെ ചോദ്യം ചെയ്യുന്നവയാണ്. മന്ത്രിസഭയെ ഒന്നാകെയും മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കതിരെയടക്കം ഉയർന്ന മറ്റ പല ആരോപണങ്ങളെയും പോലെ എഐ ക്യാമറയിലെ അഴിമതിയിലും ക്ലിഫ് ഹൌസുമായും മുഖ്യമന്ത്രിയുമായും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് പ്രതിപക്ഷം പുറത്ത് വിടുന്ന തെളിവുകള്‍. കുത്തുകള്‍ ജോയിപ്പിച്ചാൽ അന്വേഷണം ക്ലിഫ് ഹൌസിലേക്ക് നീളുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
എന്നാല്‍ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ മൂർച്ചയുള്ള ആയുധം കിട്ടിയെങ്കിലും യുഡിഎഫിലെ ഗ്രൂപ്പ് പോര് ആക്രമണത്തിന്‍റെ മുനയൊടിക്കുകയാണ്. ഒന്നിച്ച് നിന്ന് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമുണ്ടായിട്ടും ഒറ്റയ്ക്ക് നേട്ടം കൊയ്യാനാണ് നേതാക്കളുടെ ശ്രമം. എഐ ക്യാമറ അഴിമതി ആരോപണത്തില്‍ സർക്കാരിനെതിരെ 'തെളിവുകൾ' പുറത്തുവിടാൻ വെവ്വേറെ പത്രസമ്മേളനങ്ങൾ നടത്തുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എഐ ക്യാമറ വിവാദം കൊഴുപ്പിച്ചത്. തന്‍റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന നിരവധി രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു.
പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തി. ഇതിന് തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മാധ്യമങ്ങളെ കണ്ട് സർക്കാരിനെതിരെ ആഞ്ഞടിച്ചു. നേതാക്കളുടെ ഐക്യമില്ലായ്മ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കുകയാണ്. ബിജെപിയിലും സമാന സാഹചര്യമാണ്. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഒറ്റയ്ക്ക് പോകാനാണ് പ്രമുഖ നേതാവായ ശോഭാ സുരേന്ദ്രന്റെ താൽപര്യം. ബിജെപിയും സർക്കാരിനെതിരെ ഐക്യത്തോടെ ഒരുമിച്ചിട്ടില്ല. ഭാഗം വെച്ച വീട് പോലെ പലതട്ടിലാണ് നേതാക്കള്‍. ഗ്രൂപ്പിസം മൂലം ആരോപണങ്ങളുടെ ചൂട് കുറയുന്നതോടെ സർക്കാരും ആശ്വാസത്തിലാണ്.
ആരോഗ്യമേഖലയിലെ ക്യബൻ മാതൃക കേരളത്തിന് ഗുണമാകുമോ ?
ആരോഗ്യ രംഗത്തെ ക്യൂബൻ മാതൃക ലോകപ്രശസ്തമാണ്. ആരോഗ്യ മേഖലയില്‍ മികച്ച പ്രവർത്തനവുമായി രാജ്യത്തിന് മാതൃകയായ കേരളവും ക്യൂബയും ആരോഗ്യ രംഗത്തെ പല മേഖലകളിലും പരസ്പരം സഹകരിക്കുന്നുണ്ട്. ക്യൂബൻ മാതൃകയിൽ നിന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് പഠിക്കാനുള്ള ഒരു അവസരവും കേരളം നഷ്ടപ്പെടുത്താറില്ല. എന്നാല്‍ ക്യൂബൻ മാതൃകയിലെ ആരോഗ്യപരിപാലനം മുതൽ കൊതുക് നശീകരണം വരെയുള്ള കാര്യങ്ങളിലെ ഏറ്റവും മികച്ച രീതികൾ പകർത്താൻ തുടർച്ചയായി വന്ന രണ്ടു സർക്കാരുകളും ശ്രമിച്ചെങ്കിലും അവയിലൊന്ന് പോലും ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് വിമർശനമുയരുന്നുണ്ട്.
ആരോഗ്യ പരിപാലന മാതൃക പോലെയുള്ള ചിലത് പൂർണമായും പരാജയപ്പെട്ടു. കൊതുകു നശീകരണത്തിനുള്ള ക്യൂബൻ മാതൃകയും, അതിനാവശ്യമായ മരുന്നിന്റെ ഭീമമായ ചിലവ് കാരണം പ്രാരംഭ ഘട്ടം പിന്നിട്ടില്ല. എന്നിട്ടും ക്യൂബൻ മാതൃകയിൽ നിന്ന് കൂടുതൽ പഠിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ക്യൂബയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. യുഎഇയിലെ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേന്ദ്രം നിരസിച്ചതിനുള്ള മറുപടി നീക്കമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ കമ്യൂണിസ്റ്റ് കാല്പനികതയോടുള്ള താല്പര്യമാണ് ഇത്തരത്തിലുള്ള പ്രായോഗികമല്ലാത്ത പ്രോജക്ടുകൾ പരീക്ഷിക്കുന്നതിനു പിന്നിലെന്നാണ് മറ്റൊരു വിമർശനം. കോടികള്‍ മുടക്കി ജനത്തിന് ഗുണകരമല്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നത് കൊണ്ട് എന്ത് ഫലമെന്നാണ് ചോദ്യമുയരുന്നത്.
ഭവാനി രേവണ്ണയും തെരഞ്ഞെടുപ്പ് സ്വപ്നവും
കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാസൻ മണ്ഡലത്തില്‍ കണ്ണുവെച്ചിരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ. എന്നാൽ പാർട്ടി ഭവാനിക്ക് സീറ്റ് നല്‍കിയില്ല. പകരം സ്വരൂപ് പ്രകാശിനാണ് നറുക്ക് വീണത്. സീറ്റ് നിഷേധിക്കപ്പെട്ടിട്ടും ഭവാനി തെരഞ്ഞെടുപ്പ് രംഗത്ത് സജീവനായിരിക്കപകയാണ്. ഹാസൻ മണ്ഡലത്തിലേക്ക്
സ്വരൂപ് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഭവാനിയും എത്തിയിരുന്നു. സ്വരൂപിനെ 'കുടുംബത്തിന്റെ മകൻ' എന്നാണ് ഭവാനി അഭിസംബോധന ചെയ്തത്. നിഷേധിക്കപ്പെട്ട സീറ്റിലെ സ്ഥാനാർത്ഥിക്കായി രംഗത്തെത്തിയതോടെ ഭവാനിയുടെ ജനപിന്തുണ കൂടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭവാനിയെത്തണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ജെഡിഎസ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ഭവാനി ഇതിനകം തന്നെ തന്റെ ഭരണപരമായ കഴിവുകൾ പ്രകടിപ്പിച്ചു കഴിഞ്ഞു. ദേവഗൗഡയിൽ ഭവാനിക്കുള്ള സ്വാധീനം പാർട്ടിക്കുള്ളില്‍ വ്യക്തമാണ്. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും നേരിടാനും ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാനുമുള്ള ഭവാനിയുടെ കഴിവ് പാർട്ടിക്ക് ഏറെ മുതല്‍കൂട്ടാണ്. അത്തരത്തിലൊരു നേതാവായി ഭവാനി മാറിക്കഴിഞ്ഞു. ഇതെല്ലാം 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഗുണമുണ്ടാക്കുമെന്നാണ് ജെഡിഎസ് വിലയിരുത്തുന്നത്.
'ആ 2000 കോടി എവിടെ?', മൌനം പാലിച്ച് ഗെഹ്ലോട്ട്
സംസ്ഥാനത്ത് പുതിയ ജില്ലകള്‍ പ്രഖ്യാപിക്കുമെന്നും ജില്ലകളുടെ വികസനത്തിനായി 2000 കോടി വകയിരുത്തുമെന്നതായിരുന്നു അധികാരത്തിലേറുന്നതിന് മുമ്പ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. സംസ്ഥാനത്ത് 19 പുതിയ ജില്ലകളും മൂന്ന് പുതിയ ഡിവിഷനുകളും രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഇക്കാര്യം ചർച്ചയായി. എന്നാല്‍ പിന്നീട് ആ പ്രഖ്യാപനത്തിന് ചലനമുണ്ടായില്ല. 2000 കോടിയുടെ വികസനം കാത്തിരിക്കുകയാണ് രാജസ്ഥാനിലെ ജനങ്ങള്‍.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പോലും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ. ജനങ്ങളുടെ ചോദ്യം ഭയന്ന് പല മന്ത്രിമാരും പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് പോലും നിർത്തിയതായാണണ് റിപ്പോർട്ടുകള്‍. പ്രഖ്യാപനം നടത്തിയെങ്കിലും ജില്ലാ വിഭജനത്തിനുള്ള ഒരു രേഖപോലും ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ എങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കുമെന്നാണ് നേതാക്കളും ചോദിക്കുന്നത്.
'ജയിലിലെ പച്ചക്കറി കൃഷിയും യൂണിഫോമിട്ട കള്ളനും'
രാജസ്ഥാനിലെ ഒരു ജയിലില്‍ യൂണിഫോമിട്ട് കൊള്ള നടത്തുന്നതായാണ് പുതിയതായി പുറത്ത് വരുന്ന വിവരം. രാജസ്ഥാനിലെ ജില്ലാ ജയിലില്‍ ഒരു സൂപ്രണ്ട് നടപ്പാക്കിയ പച്ചക്കറി കൃഷിയാണ് ഇപ്പോള്‍ വാർത്ത. ജയില്‍പ്പുള്ളികള്‍ക്ക് ഒരു തൊഴിലും മറ്റ് ചിന്തകളില്‍ നിന്നും വിട്ട് ജീവിതത്തിലേക്ക് പുതിയ കാഴ്ചപ്പാടുണ്ടാക്കുന്നതിനുമായി ജയിലർ തുടങ്ങിവെച്ച പച്ചക്കറി കൃഷിയിലാണ് മറ്റൊരു ഉദ്യോഗസ്ഥൻ കണ്ണുവെച്ചതോടെയാണ് 'യൂണിഫോമിട്ട് മോഷണം' തുടങ്ങിയത്
പുതിയതായി വന്ന ഉദ്യോഗസ്ഥൻ ജയിലിലെ തടവുകാർ ഉണ്ടാക്കുന്ന പച്ചക്കറികള്‍ തന്‍റെ വീട്ടിലെ തീൻമേശയിലേക്ക് എത്തിക്കുന്നതായാണ് ആരോപണം. ജയില്‍ പുള്ളികളുടെ മാനസികോല്ലാസത്തിനായി ആരംഭിച്ച പദ്ധതി ' സ്വന്തം വീട്ടില്‍ വിഷരഹിത പച്ചക്കറി' പദ്ധതിയാക്കി ഉദ്യോഗസ്ഥൻ മാറ്റിയത്രേ. ജയിയിലെ വിഭവങ്ങള്‍ പല പ്രമുഖരുടെയും തീൻമേശകളിലേക്കെത്തിത്തുടങ്ങിയെന്നാണ് അണിയറ സംസാരം. 'ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല കൊയ്യുന്നുമില്ല' എന്ന ബൈബിള്‍ വാചകം തടവുകാർ പറഞ്ഞാല്‍ അത് തെറ്റാവില്ലെന്ന് സാരം.