ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ; 30 വയസുകാരനായ ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
ആരോഗ്യനില മോശമായി വന്നതോടെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തിര ചികിത്സയിൽ ജീവൻ രക്ഷിക്കാനായില്ല
ലക്നൗ: ജോലിയ്ക്കിടെ ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കിൽ അഗ്രി ജനറൽ മാനേജറായി ജോലി ചെയ്ചിരുന്ന രാജേഷ് കുമാർ ഷിൻഡെ എന്നയാളാണ് മരിച്ചത്. 30 വയസുകാരനായ അദ്ദേഹം ബാങ്കിന്റെ ഉത്തർപ്രദേശിലുള്ള മഹോബ ശാഖയിലെ ജീവനക്കാരനായിരുന്നു.
ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബാങ്കിനുള്ളിൽ മേശപ്പുറത്ത് ലാപ്‍ടോപ്പ് കംപ്യൂട്ടർ വെച്ച് ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടമാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന സഹപ്രവർത്തകർ ഓടിയെത്തുകയും മറ്റുള്ളവരെ വിളിച്ചു വരുത്തുകയും ചെയ്തു.
ഇരിപ്പിടത്തിന് മുന്നിലെ ഡെസ്കിലേക്ക് വീണ യുവാവിനെ പിന്നീട് ബാങ്കിലെ തുറസായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. സഹപ്രവർത്തകർ മുഖത്ത് വെള്ളം തളിക്കുന്നതും സിപിആർ കൊടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നും ആരോഗ്യനില മോശമായി വന്നതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അടിയന്തിര ചികിത്സയിൽ ജീവൻ രക്ഷിക്കാനായില്ല. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങൾ ഏറെ ആശങ്കയുയർത്തുന്നതിനിടെയാണ് പുതിയ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം