ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച് പിതാവ്
പെണ്‍കുട്ടിയും യുവാവുമായി വളരെ കാലമായി സ്നേഹത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തില്‍ പെട്ട ആളാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല.
കുപ്പുരാജ പാളയം: സ്നേഹിച്ച യുവാവിനോടൊപ്പം മകള്‍ ഇറങ്ങിപ്പോയതിന്റെ പേരില്‍ മകളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച് പിതാവ്. തമിഴ്നാട്ടിലെ കുപ്പുരാജ പാളയത്താണ് സംഭവം. പെണ്‍കുട്ടിയെ പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പിതാവിനെ വിളിപ്പിച്ചപ്പോള്‍ തനിക്ക് ഇങ്ങനെയുള്ള മകളില്ലെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെണ്‍കുട്ടിയും യുവാവുമായി വളരെ കാലമായി സ്നേഹത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തില്‍ പെട്ട ആളാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി യുവാവിനോടൊപ്പം ഇറങ്ങിപ്പോകുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.
ജൂണ്‍ 6-നാണ് പെണ്‍കുട്ടി യുവാവിനോടൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10-ന് വൈകിട്ട് 3.30ന് നടക്കുമെന്നും കാട്ടിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് പിതാവ് ഗ്രാമത്തിലൂടനീളം ഒട്ടിക്കുകയായിരുന്നു.