പിതാവ് പ്രാബല്യത്തില്‍ വരുത്തിയ നിയമം ഒടുവില്‍ മകനെയും കുടുക്കി
ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് പിതാവ് ഷെയ്ക്ക് അബ്ദുള്ള പ്രാബല്യത്തില്‍ വരുത്തിയ പൊതു സുരക്ഷാ നിയമപ്രകാരം
ശ്രീനഗര്‍: പിതാവ് നടപ്പിലാക്കിയ നിയമം ഒടുവില്‍ മകനെയും കുടുക്കി. ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് പിതാവ് ഷെയ്ക്ക് അബ്ദുള്ള പ്രാബല്യത്തില്‍ വരുത്തിയ പൊതു സുരക്ഷാ നിയമപ്രകാരമാണ്. ജമ്മുകശ്മീര്‍ മാത്രമാണ് ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. 1978ലാണ് ഈ നിയമം പാസാക്കുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. സംസ്ഥാനത്തിന്‍റെ പൊതു സുരക്ഷക്ക് ഭീഷണിയാവുന്നവരെന്ന് കരുതുന്നവരെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം.
ക്രമസമാധാന നിലയക്ക് ഭംഗമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം. ശ്രീനഗറിലെ സ്വവസതിയിലാണ് 83കാരനായ ഫറൂഖ് അബ്ദുള്ള തടവിലുള്ളത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഉള്‍പ്പെടെ നിരവധി നേതാക്കന്മാരാണ് കഴിഞ്ഞ മാസം മുതല്‍ അറസ്റ്റിലും വീട്ടുതടങ്കലിലുമായി കഴിയുന്നത്.