പൊലീസിനെ ആക്രമിച്ച ഡ്രൈവർക്ക് നടുറോഡിൽ പൊലീസുകാരുടെ കൂട്ടമർദ്ദനം; വീഡിയോ വൈറൽ
പൊലീസ് വാഹനം ടെംപോയിൽ ഇടിച്ചെന്നാരോപിച്ച് പൊലീസുക്കാരനെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവറെയാണ് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.
ദില്ലി: വാളുമായെത്തി പട്ടാപ്പകൽ പൊലീസിനെ ആക്രമിച്ച ഡ്രൈവർക്ക് നടുറോഡിൽ പൊലീസുകാരുടെ കൂട്ടമർദ്ദനം. പൊലീസ് വാഹനം ടെംപോയിൽ ഇടിച്ചെന്നാരോപിച്ച് പൊലീസുക്കാരനെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവറെയാണ് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ മുഖര്‍ജി നഗറിൽ ഞായറാഴ്ചയാണ് സംഭവം.
നടുറോഡിൽവച്ച് തന്നെ വാള്ക്കാട്ടി ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്ന് ടെംപൊ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ സ്റ്റേഷനിൽനിന്ന് പൊലീസിനെ കൂട്ടിവന്നപ്പോഴാണ് കോൺസ്റ്റബിളിനെ ഡ്രൈവർ ആക്രമിച്ചത്. ഇതിനിടയിൽ കോൺസ്റ്റബിളിനെ ഭീക്ഷണിപ്പെടുത്തിയെന്നാരോപിച്ച് ഡ്രൈവറുടെ ടെംപോ വാഹനം പൊലീസുകാർ ചേർന്ന് അടിച്ച് തകർത്തിരുന്നു. ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന യുവാവിനെയും പൊലീസ് ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഇതിൽ പ്രകോപിതനായ ഡ്രൈവർ കോൺസ്റ്റബിളിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
സംഭവത്തിൽ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ സിക്കുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എഎപി എംഎൽഎ ജഗദീപ് സിംഗ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ദില്ലി പൊലീസിന്റെ ക്രൂരത. പൊലീസുകാർ ഇത്തരത്തിൽ പ്രവർത്തിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. സംഭവത്തിൽ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ എന്നിവരോടും മറ്റ് അധികാരികളോടും അഭ്യർത്ഥിക്കുകയാണ്', ജഗദീപ് സിംഗ് കുറിച്ചു.