വിചാരണ കോടതിക്കെതിരെ ഇഡി; നിയമം മറികടക്കാൻ ശ്രമമെന്ന് കെജ്രിവാൾ, ദില്ലി ഹൈക്കോടതിയിൽ രൂക്ഷമായ വാദപ്രതിവാദം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി നല്‍കിയ ജാമ്യത്തിന് ദില്ലി ഹൈക്കോടതി താത്കാലിക സ്റ്റേ നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ നടന്നത്. 

Delhi liquor policy scam case enforcement directorate petition against Arvind Kejriwal's bail strong arguments in the Delhi High Court

ദില്ലി: ദില്ലി മുഖ്യ മന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇഡി നൽകിയ ഹർജിയില്‍ ദില്ലി ഹൈക്കോടതിയില്‍ നടന്നത് രൂക്ഷമായ വാദ പ്രതിവാദം. വാദങ്ങള്‍ മുഴുവനായി അവതരിപ്പിക്കാൻ സമയം നല്‍കാതെയാണ് വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം നൽകിയത് എന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയ വിചാരണ കോടതി നടപടിയുടെ എതിര്‍ത്തുകൊണ്ടാണ് ഇഡി ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍, നിയമത്തെ മറികടക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നായിരുന്നു കെജ്രിവാളിന്‍റെ അഭിഭാഷകൻ വാദിച്ചു.

നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി നല്‍കിയ ജാമ്യത്തിന് ദില്ലി ഹൈക്കോടതി താത്കാലിക സ്റ്റേ നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ നടന്നത്. നല്‍കിയ രേഖകള്‍ വിചാരണക്കോടതി വിശദമായി പരിഗണിച്ചില്ലെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്. വാദങ്ങള്‍ മുഴുവനായി അവതരിപ്പിക്കാൻ സമയം നല്‍കാതെയാണ് വിചാരണക്കോടതി ജാമ്യത്തില്‍ തീരുമാനം എടുത്തത്.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണകോടതി ഉത്തരവെന്നും പ്രധാനപ്പെട്ട വസ്തുതകള്‍ പരിഗണിക്കാതിരിക്കുമ്പോവോ അപ്രസക്തമായ വസ്തുതകള്‍ പരിഗണിച്ച് തീരുമാനമെടുത്താലോ ജാമ്യം റദ്ദാക്കാമെന്നും ഇഡി കോടതിയില്‍ വാദിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിചാരണക്കോടതിയില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് ഇഡി വ്യക്തമാക്കി.മദ്യനക്കേസിലെ 45 കോടി കണ്ടെത്തിയെന്നും അത് ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചു എന്നും വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അത് വിചാരണ കോടതി കണക്കിലെടുത്തില്ലെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചു.

ഇഡി നിശബ്ദം അല്ലെന്നും വിചാരണ കോടതിയുടെ ഉത്തരവിനാണ് ശബ്ദമില്ലാത്തതെന്നും ഇഡി ഹൈക്കോടതിയില്‍ വാദിച്ചു. ഭരണഘടന പദവിയിലിരിക്കുന്നുവെന്നത് ജാമ്യത്തിന് കാരണമല്ല. വിചാര കോടതി ജഡ്ജി കേസ് ഫയല്‍ വായിച്ചില്ല. വ്യക്തിപരമായും എഎപി കണ്‍വീനർ എന്ന രീതിയിലും കെജ്രിവാള്‍ കുറ്റക്കാരനെന്നും ഇഡി വാദിച്ചു. സിബിഐ കേസില്‍ പ്രതി ചേർത്തിട്ടില്ലെന്ന് ജ‍ഡ്ജിയുടെ വിമർശനം നിലനില്‍ക്കുന്നതല്ലെന്നും അതിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇഡി വാദിച്ചു.

അതേസമയം, ഇഡി വിചാരണക്കോടതി ജ‍ഡ്ജിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഇഡിയുടെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വി വാദിച്ചു. ഇത് അപലപനീയമാണ്. ഹൈക്കോടതി ഇടപെടണമെന്നും അഭിഷേക് സിങ്‍വി ആവശ്യപ്പെട്ടു. ഇഡി പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകൻ വാദിച്ചു. നിയമം മറികടക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നും ഇഡിയുടെ കേസിലും സിബിഐയുടെ കേസിലും കെജ്രിവാള്‍ പ്രതിയല്ലെന്നും സിങ്വി വാദിച്ചു. വിചാരണക്കോടതിയുടെ വിധിയില്‍ ഒരു അക്ഷരത്തെറ്റ് സംഭവിച്ചുവെന്നും അത് ഇഡി മുതലെടുക്കുകയാണെന്നും അഭിഭാഷകൻ വാദിച്ചു.


കെജ്രിവാളിനെതിരെ മൊഴി നല്‍കിയതിന് പിന്നാലെ  പ്രതികളിലൊരാളായ ബുച്ചി ബാബുവിന് ജാമ്യം കിട്ടി. കെജ്രിവാളിന് അനുകൂലമായി മൊഴി നല്‍കിയ മഗുന്ത റെഡ്ഡിയെയും മകനെയും അറസ്റ്റ് ചെയ്തു.  മഗുന്ത കെജ്രിവാളിനെതിരായ ഉടനെ മകന് ജാമ്യം കിട്ടി. ഇഡി ജാമ്യത്തെ എതിർത്തില്ല. ഇങ്ങനെയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും പക്ഷപാതപരമാണെന്ന് വ്യക്തമാണെന്നും കെജ്രിവാളിലേക്ക് എത്തുന്ന ഒറ്റ പൈസ പോലും ഇഡി കണ്ടെത്തിയിട്ടില്ലെന്ന് സിങ്‍വി വാദിച്ചു. 

അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ഇന്നലെയാണ് വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിൻ്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ദില്ലി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യം നല്‍കിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ, മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചുള്ള വിചാരണക്കോടതിയുടെ വിധി പകര്‍പ്പിലെ വിശദാംശങ്ങളും പുറത്തുവന്നു. ഇഡി മുൻവിധിയോടെയാണ്  പ്രവർത്തിക്കുന്നതെന്നാണ് ജാമ്യം നല്‍കികൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കിയത്. കെജ്രിവാളിനെ കേസുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു തെളിവും ഹാജരാക്കാൻ ഇഡിക്ക്  കഴിഞ്ഞില്ല.കെജ്രിവാളിന് വേണ്ടി പ്രതിയായ വിജയ് നായർ പ്രവർത്തിച്ചുവെന്ന് തെളിയിക്കാനും ഇഡിക്ക് കഴിഞ്ഞില്ല.

അന്വേഷണ ഏജന്‍സി ഊർജ്ജിതവും നീതിയുക്തവുമായി പ്രവർത്തിക്കണമെന്നും എങ്കിലെ നീതി നല്‍കാനാവു എന്നും ജാമ്യം നല്‍കിയുള്ല ഉത്തരവില്‍ കോടതി വിമര്‍ശിച്ചു. കുറ്റകൃത്യങ്ങളില്‍ നിന്നുള്ള പണം എങ്ങനെ തെരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നും ഇഡിക്ക് തെളിയിക്കാനായില്ല എത്ര സമയം കൊണ്ട് അഴിമതിയിലെ പണം കണ്ടെത്താൻ കഴിയുമെന്ന് പറയാൻ പോലും ഇഡിക്ക് ആകുന്നില്ലന്നും ഇഡിയുടെയോ സിബിഐയുടെയോ കേസില്‍ തന്‍റെ പേരില്ലെന്ന കെജ്രിവാളിന്‍റെ വാദത്തിലും ഇഡി നിശ്ബദമെന്നും  റൗസ് അവന്യു കോടതി ജാമ്യം നല്‍കിയുള്ള ഉത്തരവില്‍ പറയുന്നു.

മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി പുറത്തേക്ക്: അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി

 

Latest Videos
Follow Us:
Download App:
  • android
  • ios